കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു..


കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. 94 നവംബറിലാണ് കൂത്തുപറമ്പിൽ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ അഞ്ചു പേർ മരിച്ചിരുന്നു.

രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങള്‍ക്കിരകളായി ജീവിതം തകര്‍ന്നവര്‍ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവര്‍ സിപിഎമ്മില്‍ വിരളമായിരുന്നു. പുഷ്പന്‍റെ ചരിത്രം പാര്‍ട്ടിക്കാര്‍ക്ക് ആവേശമായെങ്കിലും ആ രണഗാഥയ്ക്കാധാരമായ വിഷയത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകുന്നതിനും പുഷ്പന്‍ സാക്ഷിയായി. അപ്പോഴും ഒരു എതിര്‍ശബ്ദവും ഉയര്‍ത്താതെ പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയായിരുന്നു പുഷ്പന്‍.

Previous Post Next Post