കണ്ണൂർ: ക്ലാസിൽ കയറാൻ ആവശ‍്യപ്പെട്ടതിന് അധ‍്യാപകന് വിദ‍്യാർഥികളുടെ ക്രൂര മർദ്ദനം. കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ വ‍്യാഴാഴ്ച്ച രാവിലെയാണ് സംഭവം. പ്ലസ് ടു വിദ‍്യാർഥികളാണ് അധ‍്യാപകനെ മർദ്ദിച്ചത്.
അധ‍്യാപക ദിനമായ വ‍്യഴാഴ്ച്ച പരീക്ഷക്കെത്തിയതായിരുന്നു വിദ‍്യാർഥികൾ. പരീക്ഷക്കെത്തിയ വിദ‍്യാർഥികൾ ക്ലാസിൽ കയറാതെ പുറത്തു നിൽക്കുന്നത് കണ്ട ഇംഗ്ലീഷ് അധ‍്യാപകൻ രണ്ട് വിദ‍്യാർഥികളോട് ക്ലാസിൽ കയറാൻ ആവശ‍്യപെട്ടു.
ഇത് തർക്കത്തിന് വഴിവെയ്ക്കുകയും തുടർന്ന് രണ്ട് വിദ‍്യാർഥികൾ ചേർന്ന് അധ‍്യാപകനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ക്രൂരമായ മർദ്ദനമാണ് വിദ‍്യാർഥികളുടെ ഭാഗത്ത് നിന്ന് അധ‍്യാപകന് ഉണ്ടായത്. വിദ‍്യാർഥികളെ പരീക്ഷ എഴുതാൻ സമ്മതിച്ചില്ല. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി.