ക്ഷേത്ര പ്രസാദത്തിൽ എലി; അന്വേഷണം പ്രഖ്യാപിച്ചു

 
.
മുംബൈ: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിനു പിന്നാലെ, മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രസാദ പാക്കറ്റുകൾക്കിടയിൽ എലിക്കുഞ്ഞുങ്ങൾ കിടക്കുന്ന വീഡിയോ പുറത്തുവന്നു. വീഡിയോ വൈറലായതോടെ ശ്രീ സിദ്ധിവിനായക് ഗണപതി ടെമ്പിൾ ട്രസ്റ്റ് (SSGT) സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.
ട്രസ്റ്റ് അധ്യക്ഷനും ശിവസേനാ നേതാവുമായ സദാ സർവാങ്കർ ആരോപണം നിഷേധിച്ചിട്ടുണ്ട്. വീഡിയോ എടുത്തിരിക്കുന്നത് ക്ഷേത്രത്തിൽ നിന്നല്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം.


''ക്ഷേത്രത്തിൽ നിന്ന് ദിവസേന ലക്ഷണക്കിന് ലഡ്ഡുവാണ് പ്രസാദമായി വിതരണം ചെയ്യുന്നത്. ഇവ തയാറാക്കുന്നത് വൃത്തിയുള്ള സ്ഥലത്താണ്. എന്നാൽ വീഡിയോയിൽ കാണുന്നത് വൃത്തിഹീനമായ സ്ഥലമാണ്. ഇത് ക്ഷേത്ര വളപ്പല്ല'', അദ്ദേഹം പറയുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും, ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തുമെന്നും സർവാങ്കർ അറിയിച്ചു.
ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ ലാബിൽ പരിശോധിച്ച ശേഷം മാത്രമാണ് നെയ്യും കശുവണ്ടിയും ലഡ്ഡു നിർമാണത്തിനുള്ള മറ്റു വസ്തുക്കളും ക്ഷേത്രത്തിലേക്കു കൊണ്ടുവരുന്നതെന്നും സർവാങ്കർ പറഞ്ഞു.


Previous Post Next Post