മലപ്പുറം: പിവി അൻവറിന് പരസ്യ പിന്തുണയുമായി സിപിഎം മുൻ ലോക്കൽ സെക്രട്ടറി. സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറിയും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റുമായിരുന് ഇഎ.സുകുവാണ് അൻവറിനെ പിന്തുണച്ചത് ഫേയ്സ്ബുക്കിൽ തുറന്ന പ്രതികരിച്ചത്. പിവി അൻവര്‍ ഇന്ന് വൈകിട്ട് നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗം ചേരുന്നത് സംബന്ധിച്ച അറിയിപ്പും ഇഎ സുകു പങ്കുവെച്ചിട്ടുണ്ട്. തലപ്പത്തുള്ളവർ മാത്രമല്ല പാർട്ടിയെന്നും ന്യായത്തിനെ ഒറ്റപ്പെടുത്തില്ലെന്നുമാണ് സുകുവിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. പിവി അൻവറിന്‍റെ കൂടെ ഉറച്ചു നിൽക്കുമെന്നും ഇഎ സുകു ഫേയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പാർട്ടിയുമായുള്ള അഭിപ്രായ വിത്യാസത്തെ തുടർന്ന് സുകു പാർട്ടി അംഗത്വം കഴിഞ്ഞ സമ്മേളനത്തിനു ശേഷം പുതുക്കിയിരുന്നില്ല.
ഇതിനിടെ, നിലമ്പൂർ എംഎൽഎ പിവി അൻവറിനെ അനുകൂലിച്ച് മലപ്പുറത്ത് കൂടുതൽ ഇടങ്ങളിൽ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. പിവി അൻവറിന്‍റെ എടവണ്ണയിലെ വീടിന് മുന്നിലെ ഫ്ലക്സ് ബോര്‍ഡിന് പുറമെ മലപ്പുറം ചുള്ളിയോടും ബോര്‍ഡുകള്‍ സ്ഥാപിച്ചു. ആഭ്യന്തര വകുപ്പിനെയും പൊലീസിന്‍റെ ആർഎസ്എസ് വത്കരക്കണത്തെയും ചോദ്യം ചെയ്തു കൊണ്ടാണ് പ്രവാസി സഖാക്കൾ ചുള്ളിയോട് എന്ന പേരിലാണ് ബോർഡുകൾ സ്ഥാപിച്ചത്.