ഡ്രൈവിംഗ് ലൈസൻസിനായി മലയാളികൾ കേരളം വിടുന്നു






കേരളത്തില്‍ ഡ്രൈവിംഗ് പരിഷ്‌കരണം വന്നതിന് ശേഷം ലൈസന്‍സ് ലഭിക്കാനായി വലിയ കാലതാമസമാണ് നേരിടേണ്ടി വരുന്നത്. ഒരു ഓഫീസില്‍ പ്രതിദിനം 40 ടെസ്റ്റുകള്‍ എന്ന രീതിയില്‍ ഇപ്പോള്‍ ഇതിന്റെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് ലൈസന്‍സിനായി സംസ്ഥാനം വിട്ട് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും വണ്ടി കയറുകയാണ് മലയാളികള്‍. കേരളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി നാല് മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്നത് തന്നെയാണ് അതിനുള്ള കാരണവും. ഇവിടെ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിച്ചാല്‍ മിനിമം നാല് മാസമെങ്കിലും വേണം ടെസ്റ്റിന് തീയതി ലഭിക്കാന്‍. ആദ്യം ലേണേഴ്സ് ടെസ്റ്റിന് സ്ലോട്ട് ലഭിക്കാന്‍ ഒരു മാസവും അതിന് പിന്നാലെ ലേണേഴ്സ് പാസായി 30 ദിവസത്തിനുശേഷം ഡ്രൈവിംഗ് ടെസ്റ്റിന് സ്ലോട്ട് നോക്കിയാല്‍ ലഭിക്കുക പിന്നെയും രണ്ട് മാസത്തെ വ്യത്യാസത്തിലാകും. ചുരുക്കിപ്പറഞ്ഞാല്‍ സെപ്റ്റംബറില്‍ അപേക്ഷിക്കുന്നയാള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഡിസംബറോ ജനുവരിയോ ആകണമെന്നാണ് കണക്ക്. ഇത്ര മാത്രം പോരല്ലോ ടെസ്റ്റ് പാസായാല്‍ വെബ്സൈറ്റില്‍ ലൈസന്‍സ് വരും, പക്ഷേ പ്രിന്റ് ചെയ്ത കാര്‍ഡ് എന്ന് കിട്ടുമെന്ന് ആര്‍ക്കും ഉറപ്പില്ല. തമിഴ്നാട്ടിലോ കർണാടകയിലോ അപേക്ഷ കൊടുത്ത മൂന്നാംദിവസം ലേണേഴ്സ് ടെസ്റ്റില്‍ പങ്കെടുക്കാം. ലേണേഴ്സ് പാസായി 30 ദിവസം കഴിഞ്ഞാല്‍ ഡ്രൈവിംഗ് ടെസ്റ്റിന് തീയതി എടുക്കാം. ടെസ്റ്റ് കഴിഞ്ഞാല്‍ അഞ്ചാമത്തെ പ്രവൃത്തിദിവസം പ്രിന്റ് ചെയ്ത ലൈസന്‍സ് കാര്‍ഡ് ലഭിക്കുകയും ചെയ്യും വേഗത്തില്‍ ലൈസന്‍സ് ആവശ്യമുള്ള മലയാളികള്‍ ഇപ്പോള്‍ തമിഴ്നാട്, കർണാടക എന്നിവിടിങ്ങളിൽ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് അവിടെയുള്ള പല ഡ്രൈവിംഗ് സ്‌കൂളുകളും ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നു. ഇവര്‍ തന്നെ ആധാറില്‍ താൽകാലികമായി തമിഴ്നാട്, കർണാടക മേല്‍വിലാസം ചേര്‍ക്കും. ഒന്നര മാസം കഴിഞ്ഞ് ലൈസന്‍സ് ലഭിച്ചശേഷം ആധാറിലെ വിലാസം മാറ്റി പഴയതുപോലെ കേരളത്തിലേതാക്കി നല്‍കുകയും ചെയ്യും.

 കേരളത്തില്‍ കാറിനും ബൈക്കിനും ഒന്നിച്ചുള്ള ലൈസന്‍സെടുക്കാന്‍ ക്ലാസ് ഉള്‍പ്പെടെ ഡ്രൈവിംഗ് സ്‌കൂളുകാര്‍ വാങ്ങുന്നത് ശരാശരി 10000 രൂപ. ഇതേ തുകയ്ക്ക് തന്നെ കമ്മിഷന്‍ ഉള്‍പ്പെടെ തമിഴ്നാട്ടില്‍ നിന്നോ കർണാടകയിൽ നിന്നോ ലൈസന്‍സ് നേടാം. ഡ്രൈവിംഗ് ടെസ്റ്റ് ദിവസംമാത്രം ചെന്നാല്‍ മതി. പോയിവരുന്ന ചെലവുകൂടി കണക്കാക്കിയാലും പെട്ടെന്ന് ലഭിക്കുമെന്നതിനാല്‍ നഷ്ടമില്ല. ആവശ്യമെങ്കില്‍ അപേക്ഷ നല്‍കി പിന്നീട് ലൈസന്‍സ് കേരള ആര്‍ടിഒയിലേക്ക് മാറ്റാം. ടെസ്റ്റ് നടത്താന്‍ രണ്ട് ഇന്‍സ്പെക്ടര്‍മാരുള്ള ഓഫീസുകളില്‍ 80 ടെസ്റ്റ് നടത്താം.


Previous Post Next Post