അമേരിക്കയിലെ ജോര്‍ജിയയില്‍ സ്‌കൂളില്‍ വെടിവെയ്പ് നടത്തിയ പതിനാലുകാരന്റെ പിതാവ് അറസ്റ്റില്‍. 54കാരനായ കോളിന്‍ ഗ്രേയാണ് അറസ്റ്റിലായത്. മനപൂര്‍വമല്ലാത്ത നരഹത്യ, കുട്ടികളോടുള്ള ക്രൂരതയടക്കം നാല് കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ പതിനാലുകാരന്‍ കോള്‍ട്ട് ഗ്രേയ്ക്ക് തോക്ക് വാങ്ങി നല്‍കിയത് ഇയാളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
പ്രതിയായ കോള്‍ട്ട് ഗ്രേ ഉപയോഗിച്ചത് സെമിഓട്ടോമാറ്റിക് റൈഫിളോ, എആര്‍ സ്‌റ്റൈല്‍ വെപ്പണോ ആണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. കഴിഞ്ഞ ക്രിസ്മസിനാണ് കോളിന്‍ ഗ്രേ, കോള്‍ട്ടിന് തോക്ക് സമ്മാനമായി നല്‍കിയത്. കോള്‍ട്ട് സ്‌കൂളില്‍ പതിവായി തോക്ക് കൊണ്ടുപോയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോള്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ ദിവസമാണ് ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളില്‍ പതിനാലുകാരന്‍ വെടിവെയ്പ് നടത്തിയത്. ആക്രമണത്തില്‍ രണ്ട് അധ്യാപകരും രണ്ട് വിദ്യാർത്ഥികളും മരിച്ചിരുന്നു.