തട്ടുകടയിലെ കയ്യേറ്റം; സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍




തിരുവനന്തപുരം: കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്‌തെന്ന് പരാതിയില്‍ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വെള്ളനാട് ശശി അറസ്റ്റില്‍. ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പ്രതിക്കെതിരെ ആര്യനാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു.

തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. അരുണ്‍ എന്നയാളിന്റെ കടയിലാണ് സംഭവമുണ്ടായത്. അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. സംഭവം വിഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച സുകന്യയുടെ മകന്‍ മൊഹിത്തിന്റെ കയ്യില്‍നിന്ന് ശശി മൊബൈല്‍ ഫോണ്‍ തട്ടിയെറിയുന്നതും വീഡിയോയില്‍ കാണാം.

കുട്ടി കരഞ്ഞതോടെ സ്ത്രീകള്‍ ശശിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് കടയുടമ ആര്യനാട് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, റോഡില്‍നിന്ന് ബോര്‍ഡ് മാറ്റാന്‍ പറഞ്ഞ തന്നെ കടയില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റം ചെയ്തതെന്ന് ശശി പറയുന്നത്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തിയ ശശി വെള്ളനാട് ഡിവിഷനില്‍നിന്നാണ് ജില്ലാപഞ്ചായത്ത് അംഗമായി ജയിച്ചത്. ശശിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Previous Post Next Post