ഷിരൂരില്‍ ഗംഗാവാലി പുഴയുടെ അടിതട്ടില്‍ നിന്ന് കണ്ടെത്തിയ ക്യാബിനും, ടയറുകളും അര്‍ജുന്റെ വാഹനത്തിന്റേതല്ലെന്ന് സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്. കണ്ടെടുത്ത ടയര്‍ പഴയ ഒരു ലോറിയുടേതാണെന്നും മനാഫ് പറഞ്ഞു. അര്‍ജുന്റെ ലോറിയുടെ താഴെയുള്ള നിറം കറുപ്പാണെന്നാണ് മനാഫ് പറയുന്നത്. ഇതേ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെയും തെരച്ചില്‍ തുടരുമെന്ന് മാൽപെ അറിയിച്ചു.
ഷിരൂരിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ അടക്കം മൂന്ന് പേരെ കണ്ടെത്താനുള്ള തെരച്ചിൽ രണ്ട് പോയിന്‍റുകളിലാണ് ഇന്ന് പരിശോധന നടത്തിയത്. ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ ആദ്യത്തെ പോയിന്‍റില്‍ നിന്നാണ് ടാങ്കറിന്‍റെ രണ്ട് ടയറുകളും ആക്സിലേറ്ററും കണ്ടെത്തിയത്. രണ്ടാം പോയിന്‍റില്‍ നിന്നാണ് ടാങ്കറിന്‍റെ ക്യാബിന്‍ കണ്ടെത്തിയത്.ലഭിച്ച ടയറിന്റെ നിറം ഓറഞ്ച് കളറാണെന്നും എന്നാല്‍ അര്‍ജുൻ്റെ വാഹനത്തിൻ്റേതിന് കറുപ്പ് നിറമാണെന്നും മനാഫ് വ്യക്തമാക്കി.