ഇന്ത്യയിൽ നിന്നുള്ളവർക്ക് വർക്ക് ആൻഡ് ഹോളിഡേ വീസ അനുവദിക്കാൻ ഓസ്ട്രേലിയ



ന്യൂഡൽഹി: ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച വ്യാപാര കരാറിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്നുള്ള ആയിരം പേർക്ക് വീതം ഒക്ടോബർ ഒന്ന് മുതൽ വർക്ക് ആൻ്റ് ഹോളിഡേ വീസ അനുവദിക്കുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിൻ്റെ ത്രിദിന സന്ദർശനത്തിന് പിന്നാലെയാണ് തീരുമാനം. ഈ തീരുമാനം വലിയ നേട്ടമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യ ഓസ്ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാർ 2022 ഡിസംബർ മാസത്തിലാണ് നിലവിൽ വന്നത്. ഇതിൽ ഒപ്പുവച്ച സുപ്രധാനമായ ഒന്നായിരുന്നു വർക്ക് ആൻ്റ് ഹോളിഡേ വിസ. ഇത് പ്രകാരം 18 നും 30 വയസിനുമിടയിൽ പ്രായമുള്ളവർക്ക് ഓസ്ട്രേലിയയിൽ പഠിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനുമുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഇത്തരത്തിൽ വിസ ലഭിക്കുന്നവർക്ക് ഒരു വർഷം ഓസ്ട്രേലിയയിൽ താത്കാലികമായി താമസിക്കാം. ഇതിനുള്ള മാനദണ്ഡങ്ങൾ ഓസ്ട്രേലിയ നിശ്ചയിക്കുന്നതാണ്.

കരാർ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. ഇതിനായുള്ള ചർച്ചകൾ ഭരണ തലത്തിൽ പുരോഗമിക്കുകയാണ്. വർഷം നൂറ് ബില്യൺ ഓസ്ട്രേലിയൻ ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്ക് നടത്തിയെടുക്കണം എന്നതാണ് ചർച്ചകളുടെ പ്രധാന ലക്ഷ്യം.
Previous Post Next Post