മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വര്‍ഷങ്ങള്‍ക്ക് മുന്നേ റിപ്പോര്‍ട്ട് കിട്ടിയിട്ടും ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി പ്രത്യേക ബെഞ്ച് ചോദിച്ചു. ബലാത്സംഗത്തിനും പോക്‌സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടിയെടുത്തില്ലെന്നത് ആശ്ചര്യകരമെന്നും അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ നിരവധി ചോദ്യശരങ്ങളാണ് ഹൈക്കോടതി ഉയര്‍ത്തിയത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഗുരുതരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നത് നീതീകരിക്കാന്‍ ആകുന്നതാണോ എന്ന് കോടതി ചോദിച്ചു. പൂര്‍ണമായ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി പറഞ്ഞു. നിയമനിര്‍മാണം നടത്തുമ്പോള്‍ അത് സ്ത്രീപക്ഷമാകണം. കേസുകളില്‍ മാധ്യമ വിചാരണ പാടില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറണമെന്നാണ് കോടതി നിര്‍ദേശം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുരുതരമായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്തുകൊണ്ട് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. പരാതികളിലും വെളിപ്പെടുത്തലുകളിലും നിയമ നടപടി തുടങ്ങിയെന്ന് എ ജി കോടതി മുമ്പാകെ മറുപടി പറഞ്ഞു.