നെഹ്‌റു ട്രോഫി വള്ളംകളി..പള്ളാത്തുരുത്തിയുടേത് തടിത്തുഴ..സംയുക്ത വിജയികളാക്കണമെന്ന ആവശ്യവുമായി കുമരകം…


നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടനെ ജേതാക്കളായി പ്രഖ്യാപിച്ചത് ഒത്തുകളിയെന്ന് രണ്ടാംസ്ഥാനത്തെത്തിയ വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് കൈനകരി.ഇത്രയും ശക്തമായ ഫോട്ടോ ഫിനിഷ് മത്സരത്തിൽ സമയമെടുത്ത് വിഡിയോ നിരീക്ഷിച്ചു വിജയിയെ പ്രഖ്യാപിക്കുന്നതിന് പകരം ഫിനിഷിങ് കഴിഞ്ഞു വളരെപ്പെട്ടെന്ന് കാരിച്ചാൽ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഭാരവാഹി ജോബിൻ പറഞ്ഞു.

കൂടാതെ പള്ളാത്തുരുത്തി ക്ലബ് തടിത്തുഴ ഉപയോഗിച്ചാണ് തുഴഞ്ഞതെന്നു ജോബിൻ ആരോപിച്ചു. ഇതിനു തെളിവുണ്ട്. വിഡിയോയും ഫോട്ടോകളും കൈവശമുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയിൽ പനത്തുഴ ഉപയോഗിച്ചു മാത്രമേ തുഴയാവൂ എന്നാണു നിയമം. പള്ളാത്തുരുത്തിയിൽനിന്നു പണം വാങ്ങിയോ അല്ലെങ്കിൽ രാഷ്ട്രീയ സ്വാധീനത്താലോ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി പരാതിക്കുനേരെ കണ്ണടയ്ക്കുകയാണ്. പള്ളാത്തുരുത്തിയെ മത്സരത്തിൽനിന്നു വിലക്കണമെന്നും അദ്ദേഹം ആരോപിച്ചു.

വീയപുരം വള്ളം ഫിനിഷ് ചെയ്തതിനു തൊട്ടുപിന്നാലെ വള്ളത്തിൽ പൊലീസിന്റെ ബോട്ട് വന്നിടിച്ചു തുഴച്ചിൽകാരെല്ലാം വെള്ളത്തിൽ വീണിരുന്നു. അതു കഴിഞ്ഞ് പ്രതിഷേധമറിയിക്കാനായി സ്റ്റേജിൽ എത്തുമ്പോഴേക്കും സമ്മാന വിതരണം ഉൾപ്പെടെ കഴിഞ്ഞിരുന്നു. ഞങ്ങളുടെ പരാതി പോലും കേൾക്കാൻ സംഘാടകർ തയാറായില്ല. നെഹ്റു ട്രോഫിയുടെ നിയമാവലി കൃത്യമായി അനുസരിച്ചു വിധിനിർണയം നടത്തണമെന്നാണ് കൈനകരി ബോട്ട് ക്ലബ് ആവശ്യപ്പെടുന്നത്.

അതിനിടെ, മത്സരത്തിൽ അപാകമുണ്ടായെന്നു ചൂണ്ടിക്കാട്ടി, മൂന്നാംസ്ഥാനക്കാരായ നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബും പരാതിയുമായി കലക്ടറെ സമീപിച്ചു. ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ സ്റ്റാർട്ടിങ്ങിൽ പിഴവുണ്ടായെന്നും ഇത് നടുഭാഗത്തിന് ട്രോഫി നഷ്ടപ്പെടാൻ കാരണമായെന്നും കുമരകം ബോട്ട് ക്ലബ് ട്രഷറർ അരുൺ ശശിധരൻ പറഞ്ഞു.


Previous Post Next Post