ഖത്തർ പൗരന്മാർക്ക് ഇനി മുതൽ അമേരിക്കയിൽ വീസ ഇല്ലാതെ സന്ദർശിക്കാം. അമേരിക്കയുടെ വീസ ഒഴിവാക്കൽ പ്രോഗ്രാമിൽ ഖത്തറിനെ ഉൾപ്പെടുത്തിയതോടെ ഈ നേട്ടം ലഭിച്ചു. ഇതോടെ വീസയില്ലാതെ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ആദ്യ അറബ് രാജ്യമായി ഖത്തർ മാറി.





ദോഹ : ഖത്തർ പൗരന്മാർക്ക് ഇനി മുതൽ അമേരിക്കയിൽ വീസ ഇല്ലാതെ സന്ദർശിക്കാം. അമേരിക്കയുടെ വീസ ഒഴിവാക്കൽ പ്രോഗ്രാമിൽ ഖത്തറിനെ ഉൾപ്പെടുത്തിയതോടെ ഈ നേട്ടം ലഭിച്ചു. ഇതോടെ വീസയില്ലാതെ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ആദ്യ അറബ് രാജ്യമായി ഖത്തർ മാറി.

അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി അലജാൻഡ്രോ എൻ. മയോർക്കാസ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനുമായി കൂടിയാലോചിച്ചാണ് വീസ ഒഴിവാക്കൽ പ്രോഗ്രാമിലേക്ക് (VWP) ഖത്തറിനെ കൂടി ഉൾപ്പെടുത്തിയത്. ഈ ഡിസംബർ ഒന്നോടെ അമേരിക്കയിലേക്കുള്ള വിസ രഹിത യാത്ര സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിലെ പൗരന്മാർക്ക് 90 ദിവസം വരെ വിനോദസഞ്ചാരത്തിനോ ബിസിനസ്സ് ആവശ്യങ്ങൾക്കോ ​​വേണ്ടി അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ അപേക്ഷിക്കാൻ അനുവദിക്കുന്നതിനാൽ ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ ഓൺലൈൻ (ഇഎസ്ടിഎ) ആപ്ലിക്കേഷനും മൊബൈൽ ആപ്പും അപ്ഡേറ്റ് ചെയ്യും. ഈ ഓതറൈസേഷൻ സാധാരണയായി രണ്ട് വർഷത്തേക്ക് വരെ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഒരു യാത്രയിൽ പരമാവധി 90 ദിവസം മാത്രമേ അമേരിക്കയിൽ തങ്ങാൻ പറ്റുകയുള്ളു.

ഈ നീക്കം അമേരിക്കയുമായുള്ള ഖത്തറിൻ്റെ തന്ത്രപരമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്‌വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി പറഞ്ഞു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ ശക്തികൂടിയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post