സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ വാക്കുകൾ. സുപ്രീം കോടതിയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാ ജുഡീഷ്യറി ദേശീയ സമ്മേളനത്തിന്റെ സമാപന പ്രസംഗത്തിലായിരുന്നു വിമർശനം.
‘കുറ്റകൃത്യം ചെയ്ത ശേഷം കുറ്റവാളികൾ നമ്മുടെ സമൂഹത്തിൽ നിർഭയം ജീവിക്കുന്നതു ദുഃഖകരമാണ്. കുറ്റകൃത്യങ്ങളുടെ ഇരകളാകുന്നവരാകട്ടെ ഭയന്നു ജീവിക്കുന്നു. ഇരകളായ സ്ത്രീകളുടെ അവസ്ഥ കൂടുതൽ മോശമാണ്. സമൂഹം അവരെ പിന്തുണയ്ക്കുന്നില്ല. സമീപകാലത്ത് ഭരണസംവിധാനം, അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യശേഷി എന്നിവയിൽ പുരോഗതിയുണ്ടായി. എന്നാൽ ഈ മേഖലകളിലെല്ലാം ഇനിയുമേറെ ചെയ്യാനുണ്ട്. പരിഷ്കാരത്തിന്റെ എല്ലാ തലങ്ങളിലും ദ്രുതഗതിയിലുള്ള പുരോഗതി വേണം. സമീപ വർഷങ്ങളിൽ തിരഞ്ഞെടുപ്പ് സമിതികളിൽ സ്ത്രീകളുടെ എണ്ണം വർധിച്ചത് സന്തോഷകരമാണ്’; രാഷ്ട്രപതി പറഞ്ഞു.