യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്;സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യും



വാഷിങ്ടൺ: പേടകത്തിലെ തകരാറിനെ തുടർന്ന് എട്ടു മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവർ വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യും.ഈ വർഷം നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരുവരും ബഹിരാകാശത്തുനിന്ന് വോട്ട് ചെയ്യുമെന്ന് യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘പൗരന്മാർ എന്ന നിലയിൽ ഇത് വളരെ പ്രധാനപ്പെട്ട ഒരു കടമയാണ്. ഞാൻ ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാൻ കാത്തിരിക്കുകയാണ്, അത് വളരെ രസകരമാണ്’ ഇന്ത്യൻ വംശജയായ സുനിത വില്യംസ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരുമായി സംവദിക്കവേ പറഞ്ഞു.

നാസയിൽ നിന്നുള്ള ബഹിരാകാശയാത്രികരായ ഇരുവരും ബഹിരാകാശത്ത് കുടുങ്ങിയതിനാൽ അടുത്ത വർഷം ഫെബ്രുവരി വരെ അവിടെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബഹിരാകാശയാത്രികർ താമസിക്കുന്ന ഇന്റർനാഷനൽ സ്‌പേസ് സ്റ്റേഷനിലേക്ക് സ്ഥാനാർഥികളുടെ ബാലറ്റുകൾ ഡിജിറ്റലായി ഇന്ററാക്ടീവ് ചെക്ക്ബോക്സുകൾ അടങ്ങിയ പി.ഡി.എഫ് ഫയലായി അയക്കുകയാണ് ചെയ്യുക. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം, ബാലറ്റുകൾ ഇലക്ട്രോണിക് വഴി ഭൂമിയിലേക്ക് തിരിച്ചയക്കും. സുരക്ഷയുടെ ഭാഗമായി ഹൂസ്റ്റണിലെ നാസയുടെ മിഷൻ കൺട്രോൾ സെൻററിലേക്ക് അയക്കുന്നതിന് മുമ്പ് ബാലറ്റുകൾ എൻക്രിപ്റ്റ് ചെയ്യുമെന്നും മാധ്യമങ്ങൾ പറയുന്നു.നാസ ബഹിരാകാശയാത്രികർക്ക് ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാൻ ടെക്സസിലെ നിയമസഭാംഗങ്ങൾ 1997ൽ ബിൽ പാസാക്കിയിരുന്നു.
Previous Post Next Post