പരിചയക്കാരുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് മൊബൈൽ ഫോൺ വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ



 തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ നെടുവാൻ വിള തെക്കേമഠവിളാകം വീട്ടിൽ അജി എന്ന അജീഷിനെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായവർ ഇപ്പോൾ വാങ്ങാത്ത ഫോണിന് മാസം തോറം ഇഎംഐ അടക്കേണ്ട അവസ്ഥയിലാണ്.

പരിചയക്കാരുടെ രേഖകൾ ഉപയോഗിച്ച് തവണ വ്യവസ്ഥയിലാണ് അജീഷ് തട്ടിപ്പ് നടത്തുന്നത്. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ പരിചയക്കാരിൽ നിന്ന് വാങ്ങി മൊബൈൽ ഫോണുകൾ വാങ്ങുകയായിരുന്നു. ഇരുപതോളം പേരിൽ നിന്നാണ് ഇത്തരത്തിൽ തിരിച്ചറിയൽ രേഖകൾ വാങ്ങിയത്.

20,000 മുതൽ 90,000 രൂപ വരെ വില വരുന്ന ഫോണുകളാണ് ഇവരെ കൊണ്ട് വാങ്ങിപ്പിച്ചത്. ദിവസങ്ങൾക്ക് ശേഷവും ഇഎംഐ അടയ്ക്കാതെ വന്നപ്പോൾ പല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ളവർ പരിചയക്കാരെ സമീപിച്ചതോടെയാണ് തട്ടിപ്പിനിരയായ കാര്യം പലരും അറിയുന്നത്.

നെയ്യാറ്റിൻകരയിലെ ഒരു കടയിൽ നിന്നാണ് ഇയാൾ ഫോണുകൾ വാങ്ങിയത്. തനിക്ക് ഫോൺ ഇല്ലെന്നും വായ്പ അടിസ്ഥാനത്തിൽ ഫോണെടുക്കാൻ രേഖകൾ നൽകിയാൽ കൃത്യമായി പണം അടയ്ക്കുമെന്ന് പറഞ്ഞാണ് അജീഷ് പരിചയക്കാരെ സമീപിച്ചത്. സിബിൽ സ്‌കോർ കുറവായതിനാൽ തനിക്ക് ഇഎംഐ ലഭിക്കില്ലെന്ന് പറഞ്ഞാണ് അജീഷ് പരിചയക്കാരെ പറ്റിച്ചത്.
Previous Post Next Post