കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് സ്‌കൂൾ വിദ്യാർത്ഥിക്ക് പരിക്ക്. സ്‌കൂളിലേക്ക് പോകുന്നതിനായി വിദ്യാർത്ഥി ബസിൽ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണം.
തിരക്കേറിയതിനാൽ ബസിന്റെ പടിയിൽ നിൽക്കാനാണ് വിദ്യാർത്ഥിക്ക് സാധിച്ചത്. സുരക്ഷിതമായി ബസിനുള്ളിൽ കയറുന്നതിന് മുമ്പേ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ പിടിവിട്ട വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചു വീണു.
കുട്ടിയുടെ മുതുകിൽ ബാഗ് ഉണ്ടായിരുന്നതിനാൽ തലനാരിഴയ്‌ക്ക് വൻ അപകടം ഒഴിവായി. വിദ്യാർത്ഥിക്ക് ചെറിയ പരിക്കുകളേറ്റിരുന്നുവെന്നും പ്രദേശത്ത് ഇത്തരം സംഭവങ്ങൾ സ്ഥിരമാണെന്നും നാട്ടുകാർ പറഞ്ഞു.