പാമ്പുകളെ കൊല്ലാതിരിക്കാന്‍ വേണ്ടിയാണ് സര്‍പ്പക്കാവുകള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്ന് സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെപി ഉദയഭാനു



പാമ്പിനെ ദൈവമായി താന്‍ കാണുന്നില്ലെന്നും ഉദയഭാനു പറഞ്ഞു. വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉദയഭാനു.

52 വര്‍ഷം പഴക്കമുള്ള വന നിയമങ്ങള്‍ മാറ്റിയെഴുതണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു. പാമ്പിനെ ദൈവമായി ആരും കാണുന്നില്ല. പാമ്പുകളെ കൊല്ലാതിരിക്കാന്‍ വേണ്ടിയാണ് സര്‍പ്പക്കാവുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. പാല് കൊടുക്കുന്ന കൈയ്ക്ക് കടിക്കുന്ന ജീവിയാണ് പാമ്പ്. ചൈനയിലെ ആളുകള്‍ അതിനെ കൊന്നുതിന്നുകയാണെന്നും സിപിഎം ജില്ല സെക്രട്ടറി അറിയിച്ചു.

ഇവിടെ പാമ്പിനെയും കുരങ്ങനെയും എല്ലാം ആരാധിക്കുകയാണ്. കേരളത്തില്‍ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചതിനെ എതിര്‍ക്കുന്നവരാണ് ആര്‍എസ്എസുകാര്‍. ആര്‍എസ്എസ് പറയുന്നത് മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായാണ്. ഹിരണ്യകശിപു ഭൂമിയെ പായായി ചുരുട്ടി കടലില്‍ താഴ്ത്തി.

മഹാവിഷ്ണു വരാഹ അവതാരമെടുത്ത് ഭൂമിയെ രക്ഷിച്ചെന്നാണ് പ്രചരിക്കുന്ന കഥയെന്നും ഉദയഭാനു കൂട്ടിച്ചേര്‍ത്തു. ഭൂമി ചുരുങ്ങുമ്പോള്‍ കടലും ചുരുങ്ങുമെന്ന് ഈ മണ്ടന്‍മാര്‍ മനസിലാക്കണമെന്നും കെപി ഉദയഭാനും അഭിപ്രായപ്പെട്ടു.

Previous Post Next Post