ഏറ്റുമാനൂരിൽ മോഷണകേസ് ഒഴിവാക്കാമെന്ന വാഗ്ദാനം നൽകി പ്രതിയുടെ ഭാര്യയിൽ നിന്നും പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ.


ഏറ്റുമാനൂർ : മോഷണ കേസ് ഒഴിവാക്കുന്നതിനും, ജാമ്യം ലഭിക്കുന്നതിനുമായി പ്രതിയുടെ ഭാര്യയെ ഭയപ്പെടുത്തി 1,79,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ മാടപ്പാട് ഭാഗത്ത് കണ്ണംപുരയ്ക്കൽ വീട്ടിൽ സ്വദേശിയായ സന്തോഷ് (52) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം  ഏറ്റുമാനൂരിൽ വർക് ഷോപ്പ്, വീട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ബാറ്ററിയും, സ്കൂട്ടറും മോഷണം ചെയ്ത കേസിൽ അയർക്കുന്നം സ്വദേശികളായ യുവാക്കളെയും, മോഷണ വസ്തുക്കൾ ഏറ്റെടുത്ത ആക്രികടക്കാരനായ  അതിരമ്പുഴ സ്വദേശിയെയും  ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിനുശേഷം   ആക്രി കടക്കാരന്റെ വീട്ടിൽ സന്തോഷ് എത്തുകയും ഇയാളെ ജയിലിൽ നിന്നും ഇറക്കണമെന്നും, ഇല്ലെങ്കിൽ  ഏറ്റുമാനൂർ, കടുത്തുരുത്തി എന്നീ സ്റ്റേഷനുകൾക്ക് കീഴിൽ കൂടുതൽ മോഷണക്കേസ് വരുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഇത് ഒഴിവാക്കാൻ ഏറ്റുമാനൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കും, എസ്.ഐക്കും ,സി.ഐക്കും പണം നൽകണമെന്ന് പറഞ്ഞ് ഇവരിൽ നിന്നും പലതവണകളായി  1,79,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇയാൾ വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയും സന്തോഷിനെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Previous Post Next Post