ഇക്കുറി ഓണാഘോഷം മഴയിൽ കുതിരുമോ ? സാധാരണയിലും കൂടുതൽ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്




തിരുവനന്തപുരം: സെപ്റ്റംബറിൽ കേരളത്തിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇക്കുറി ഓണാഘോഷങ്ങൾ മഴനനഞ്ഞായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകുന്ന സൂചന. ഈ മാസം ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന കാലാവസ്ഥാ വകുപ്പ്, അതിന്റെ സ്വാധീനഫലമായി കേരളത്തിൽ മഴ കനക്കുമെന്നും കണക്കുകൂട്ടുന്നു.
അതേസമയം, ഇക്കുറി കേരളത്തിൽ കാലവർഷപ്പെയ്ത്ത് കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ മാസത്തിൽ 25ശതമാനം കുറവ് മഴ ലഭിച്ചപ്പോൾ ജൂലൈ 16ശതമാനം കൂടുതൽ ലഭിച്ചു. എന്നാൽ ഓഗസ്റ്റിൽ 30ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ജൂൺ മുതൽ ഓഗസ്റ്റ് വരെ ഇതുവരെ 11ശതമാനം കുറവ് മഴയുമാണ് കേരളത്തിൽ ലഭിച്ചത്. എന്നാൽ, സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ സെപ്റ്റംബറിൽ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.
സാധാരണ മൺസൂൺ മാസങ്ങളിൽ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാറില്ല എന്നാൽ ഇക്കുറി പതിവിന് വിരുദ്ധമായി ശക്തമായ ന്യൂനമർദ്ദം രൂപപ്പെടുകയും ഈ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുകയും ചെയ്തു. ഇതിന്റെ ഫലമായി ഗുജറാത്ത് അടക്കമുള്ള ഇടങ്ങളിൽ മഴ ശക്തമായി പെയ്തു. നിരവധി പേർ മഴക്കെടുതിയിൽ മരണപ്പെടുകയുമുണ്ടായി. പലയിടങ്ങളിലും വെള്ളം കയറിയതിനാൽ ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ആയിരങ്ങളാണ് വിവിധ ക്യാമ്പുകളിലും സ്കൂളുകളിലും ആയി കഴിയുന്നത്


Previous Post Next Post