ഇന്ത്യയുടെ ദീര്‍ഘദൂര തീവണ്ടിയാത്ര ഇനി യൂറോപ്യന്‍ നിലവാരത്തിലേക്ക്, വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നിര്‍മ്മിച്ച ബെമലിന്റെ ഓഹരി വില കുതിപ്പില്‍



ന്യൂദല്‍ഹി: ഇന്ത്യയുടെ ദീര്‍ഘദൂര ട്രെയിന്‍ യാത്ര ഇനി യൂറോപ്യന്‍ നിലവാരത്തിലേക്ക് ഉയരുകയാണ്. ഒരു വിമാനത്തിന്റെ ഉള്‍ലോകം തുറന്നിടുന്നതുപോലെയുള്ള ലക്ഷ്വറി അനുഭവം പകരുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കുറഞ്ഞ വിലയില്‍ നിര്‍മ്മിച്ച്‌ കയ്യടി വാങ്ങിയിരിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ബെമല്‍.

വെറും 67.5 കോടി രൂപയ്‌ക്കാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്റെ 16 കോച്ചുകള്‍ ബെമല്‍ നിര്‍മ്മിച്ചത്. ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണ് പ്രധാനമായും നിര്‍മ്മാണം നടന്നത്.

10 വന്ദേഭാരത് സ്പീപ്പര്‍ ട്രെയിന്‍ നിര്‍മ്മിക്കാന്‍ ബെമലിന് 675 കോടി രൂപയുടെ ഓര്‍ഡറാണ് കിട്ടിയിരിക്കുന്നത്. 16 കോച്ചുകളില്‍ ഒരു ഫസ്റ്റ് ക്ലാസ് എസി, ടുടയര്‍ എസി, ത്രീടയര്‍ എസി എന്നിവ ഉള്‍പ്പെടുന്നു. മികച്ച യാത്രാനുഭവവും സുരക്ഷയുമാണ് ഈ സ്ലീപ്പര്‍ ട്രെയിനിന്റെ സവിശേഷത. 823 യാത്രക്കാര്‍ക്ക് ഒറ്റയടിക്ക് യാത്ര ചെയ്യാം.

ഓട്ടോമാറ്റിക് ഡോറുകളാണ് പുറത്തേക്കിറങ്ങാനും ഉള്ളിലേക്ക് കടക്കാനും ഉള്ളത്. ഇടയിലുള്ള ഡോറുകളെല്ലാം സെന്‍സറില്‍ ആണ് പ്രവര്‍ത്തിക്കുക. റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന തീയിനെ തടയുന്ന ഡോറുകള്‍ ഉണ്ട്. യുഎസ് ബി ചാര്‍ജ്ജിംഗിനുള്ള സൗകര്യങ്ങള്‍, എര്‍ഗണോമിക് സീറ്റുകള്‍, പരമാവധി ഇടം നല്‍കുന്ന സ്പീപ്പര്‍ ബര്‍ത്തുകള്‍, അംഗപരിമിതര്‍ക്ക് അനുകൂലമായ സൗകര്യങ്ങള്‍- ഇതെല്ലാം വന്ദേഭാരത് സ്ലീപ്പറുകളുടെ പ്രത്യേകതയാണ്.

ബെമല്‍ നിര്‍മ്മിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. ഇതോടെ ബെമല്‍ കമ്ബനിയുടെ ഓഹരി വില 8.8 ശതമാനം മുകളിലേക്ക് കുതിച്ചു. 3851 രൂപയില്‍ നിന്നും ബെമല്‍ ഓഹരി വില 4190ലേക്ക് കുതിച്ചു. ഇനിയും ബെമല്‍ ഓഹരിവില കുതിയ്‌ക്കുമെന്ന് ബ്രോക്കിംഗ് ഹൗസുകള്‍ പ്രവചിക്കുന്നു. റെയില്‍വേയുടെ നിര്‍മ്മാണ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് ബെമല്‍ യൂറോപ്യന്‍ നിലവാരത്തിലുള്ള രൂപകല്‍പനയും നിര്‍മ്മാണവും നടത്തുക വഴി സൃഷ്ടിച്ചത്.
Previous Post Next Post