ചാര്‍ജിംഗ് സ്‌റ്റേഷനില്‍ നിന്ന് വൈദ്യുതി കാര്‍ ചാര്‍ജ് ചെയ്യവെ വീട്ടമ്മയ്‌ക്ക് വൈദ്യൂതാഘാതമേറ്റു



കെഎസ്ഇബിയുടെ ചാര്‍ജിംഗ് സ്റ്റേഷനിലാണ് സംഭവം. എറണാകുളം പറവൂരിനടുത്ത് മന്നത്താണ് സംഭവമുണ്ടായത്.

മുന്‍ കൗണ്‍സിലര്‍ കൂടിയായ സ്വപ്നയ്‌ക്കാണ് പരിക്കേറ്റത്. കാര്‍ ചാര്‍ജ് ചെയ്തതിനുശേഷം ചാര്‍ജിംഗ് ഗണ്‍ തിരികെ വയ്‌ക്കുമ്പോഴായിരുന്നു വൈദ്യൂതാഘാതമേറ്റത്.

വലിയ പൊട്ടിത്തെറിയും ശബ്ദവും ഉണ്ടായെന്നും ഷോക്കേറ്റ് താന്‍ തെറിച്ചു വീഴുകയായിരുന്നെന്നും സ്വപ്ന പറഞ്ഞു. ഭാഗ്യം കൊണ്ടു മാത്രമാണ് ജീവഹാനി സംഭവിക്കാതിരുന്നതെന്ന് സ്വപ്ന പറഞ്ഞു.

രാവിലെ ആറുമണിയോടെ ചാര്‍ജിംഗ് സ്‌റ്റേഷനിലെത്തി ചാര്‍ജിലിട്ട് വാഹനം ഓഫ് ചെയ്ത് ഉള്ളില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ 59ശതമാനം ചാര്‍ജ് ആയപ്പോള്‍ ചാര്‍ജിംഗ് ഡിസ്‌കണക്ടഡ് എന്ന സന്ദേശം വന്നു.

ഇതോടെ കാറില്‍ നിന്ന് ഗണ്‍ എടുത്തശേഷം തിരിച്ച് ചാര്‍ജിംഗ് സ്‌റ്റേഷനിലെ സോക്കറ്റില്‍ വെക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റതെന്ന് സ്വപ്ന പറഞ്ഞു.ഷോക്കേറ്റ് താന്‍ തെറിച്ചു വീഴുകയായിരുന്നു. ഇടത് കാലിനും കൈവിരലിലുമാണ് ഷോക്കേറ്റത്.

സംഭവം നടക്കുമ്പോള്‍ സമീപത്ത് ആരുമുണ്ടായിരുന്നില്ലെന്നും പറവൂര്‍ പൊലീസില്‍ പരാതി നല്‍കിയശേഷം കെഎസ്ഇബി അധികൃതര്‍ വന്നിരുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് അറിയിച്ചതെന്നും സ്വപ്ന പറഞ്ഞു.
Previous Post Next Post