വൈദ്യുതി മുടക്കം: നഷ്ടപരിഹാരത്തിന് ഉപഭോക്താവിന് അവകാശമുണ്ടെന്നത് ബോര്‍ഡ് മറച്ചുവയ്ക്കുന്നു .. !




തിരുവനന്തപുരം: നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ അധികാരങ്ങള്‍ മാത്രം പൊക്കിപ്പിടിച്ച് ഉപഭോക്താക്കളോട് കരുണയില്ലാതെ പലപ്പോഴും പെരുമാറുന്ന ഒരു വകുപ്പാണ് കെഎസ്ഇബി (കേരള സ്റ്റേറ്റ് ഇലട്രിസിറ്റി ബോര്‍ഡ്). വൈദ്യുതി ഉപഭോക്താക്കളില്‍ ആരെങ്കിലും ബില്‍ അടക്കാന്‍ അല്‍പമൊന്നു വൈകിയാല്‍ ഏമാന്മാര്‍ എത്തി ഫ്യൂസ് ഊരിക്കൊണ്ടുപോകുന്നത് നിത്യ സംഭവമാണ്. എന്നാല്‍ ഇതേ ബോര്‍ഡിന് വന്‍കിടക്കാരില്‍നിന്നും പിരിഞ്ഞുകിട്ടാനുള്ളത് അനേകം കോടി രൂപയാണ്.

ഒരു ഉപഭോക്താവ് എന്ന നിലയില്‍ നിരവധി അവകാശങ്ങളാണ് ഉള്ളതെങ്കിലും വൈദ്യുതി ബോര്‍ഡ് ഇതെല്ലാം പരമരഹസ്യമാക്കി വച്ച് ഞാനൊന്നുമറിഞ്ഞില്ല നാരായണ എന്ന നിലയില്‍ തുടരുന്നതാണ് കണ്ടുവരുന്നത്. വൈദ്യുതി മുടങ്ങിയാല്‍ നിശ്ചിത സമയത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഉപഭോക്താവിന് ദിവസം 25 രൂപ നഷ്ടപരിഹാരം കെ.എസ്.ഇ.ബി നല്‍കണം. വോള്‍ട്ടേജ് കുറഞ്ഞാലും നഷ്ടപരിഹാരം നല്‍കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണ്. ഇതുസംബന്ധിച്ച സ്റ്റാന്‍ഡേര്‍ഡ് ഓഫ് പെര്‍ഫോമന്‍സ് പട്ടിക വിരലിലെണ്ണാവുന്ന ഓഫീസുകളില്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇത് പ്രദര്‍ശിപ്പിക്കണം എന്നാണ് നിലവില്‍ നിയമം.

ഇത്തരം വ്യവസ്ഥയെ കുറിച്ച് അറിയാത്തതിനാല്‍ വളരെക്കുറച്ച് പരാതികള്‍ മാത്രമാണ് കെ എസ് ഇ ബി ക്കെതിരേ ഇത്തരം ദുരിതങ്ങള്‍ക്ക് ഇരയാവുന്ന ഉപഭോക്താക്കളില്‍നിന്നും ലഭിക്കുന്നത്.
ഏതെങ്കിലും ഒരു ഉപഭോക്താവ് ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷ നല്‍കുകയും 15 ദിവസത്തിനകം അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തില്ലെങ്കില്‍ പ്രതിദിനം 50 രൂപയാണ് കെഎസ്ഇബി ഉപഭോക്താവിന് പണമായി നല്‍കേണ്ടത്. വളരെ ചെറിയൊരു തെറ്റിനുപോലും ഉപഭോക്താക്കളെ പാഠംപഠിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന കെഎസ്ഇബിക്ക് ഉപഭോക്താക്കളോട് വലിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നത് ജനങ്ങളില്‍ നിന്നും മറച്ചു വെക്കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ തികഞ്ഞ ബോധവാന്മാരായാലെ ഇത്തരം വെള്ളാനകളെ നിലക്കുനിര്‍ത്താന്‍ സാധിക്കൂ.
Previous Post Next Post