കറുകച്ചാലിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.


 കറുകച്ചാൽ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് പാതിപ്പാട് പള്ളിക്ക് സമീപം ഞണ്ടുപറമ്പിൽ വീട്ടിൽ പ്രിൻസ് എന്ന് വിളിക്കുന്ന ആൽവിൻ തോമസ്  (23), കറുകച്ചാൽ തെങ്ങോലിപ്പടി ഭാഗത്ത് പാലയ്ക്കൽ വീട്ടിൽ ഗോകുൽ കൃഷ്ണൻ (29) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി  കറുകച്ചാൽ കൂത്രപ്പള്ളി ഭാഗത്ത് വെച്ച്  ചെത്തിപ്പുഴ സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ സുഹൃത്ത് പ്രതികളിലൊരാളുടെ കയ്യിൽ നിന്നും പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട് വാക്കു തർക്കം  ഉണ്ടാവുകയും തുടർന്നിവർ യുവാവിന്റെ സുഹൃത്തിനെ മർദ്ദിച്ചത് യുവാവ് തടയുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് യുവാവിനെ മർദ്ദിക്കുകയും,ഹെൽമെറ്റും ഫൈബർ പലകയും മറ്റുമുപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ  ഇരുവരെയും പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശോഭ് കെ.കെ, എസ്.ഐ മാരായ വിജയകുമാർ, സന്തോഷ്, സി.പി.ഓ മാരായ സുരേഷ്, വിവേക് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആൽവിൻ തോമസ് കറുകച്ചാൽ, മണിമല, നെടുമുടി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു. മറ്റു പ്രതികളെ പിടികൂടുന്നതിനായി തിരച്ചില്‍ ശക്തമാക്കി.
Previous Post Next Post