ഒക്ടോബർ 24ന് രാത്രി 9:17ന് ശ്രദ്ധിക്കുക! ഭൂമിക്ക് തൊട്ടടുത്ത് കൂടി ഒരു ഭീമൻ ഛിന്നഗ്രഹം കടന്നുപോകും. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ആണ് ഛിന്നഗ്രഹത്തിൻ്റെ സഞ്ചാരം സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. 363305 (2002 എൻവി16) എന്ന ഛിന്നഗ്രഹമാണ് ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകുക. 580 അടി വലുപ്പമുണ്ട് ഈ ഛിന്നഗ്രഹത്തിന്, അതായത് ഒരു കെട്ടിടത്തിൻ്റെ അത്രയും വലുപ്പം.
മണിക്കൂറിൽ 17,542 കിലോമീറ്റർ വേഗതയിലാണ് (ശബ്ദത്തിൻ്റെ വേഗത: മണിക്കൂറിൽ 1,235 കിലോമീറ്റർ) ഛിന്നഗ്രഹം കടന്നുപോകുക. ഛിന്നഗ്രഹത്തിൻ്റെ സഞ്ചാരം ഭൂമിക്ക് ഭീഷണിയാകില്ലെന്നാണ് നാസയുടെ റിപ്പോർട്ട്. എന്തിരുന്നാലും ഇക്കാര്യം ഉറപ്പിക്കാനായി ചിന്നഗ്രഹത്തിൻ്റെ സഞ്ചാരപാത നാസയും മറ്റ് ബഹിരാകാശ ഏജൻസികളും സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.
ഭൂമയിൽനിന്ന് 45,20,000 കിലോമീറ്റർ അകലത്തിലൂടെയാണ് ഛിന്നഗ്രഹം കടന്നുപോകുക. അകലം കണ്ട് ഒരുപാട് ദൂരമുണ്ടല്ലോ എന്നു കരുതാൻ വരട്ടെ. ബഹിരാകാശത്തിൻ്റെ വിശാലതയിൽ ഈ അകലം താരതമ്യേന അടുത്താണ്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരം 3,84,400 കിലോമീറ്റർ ആണ്.
ഇവൻ ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയല്ല
ഛിന്നഗ്രഹം സുരക്ഷിതമായി കടന്നുപോകുമെന്നും ഇതിൻ്റെ സഞ്ചാരം ഭൂമിക്കു ഭീഷണിയാകില്ലെന്നും നാസ അറിയിച്ചിട്ടുണ്ട്. ഇത്തരം നിയർ എർത്ത് ഒബ്ജക്ടുകളുടെ സഞ്ചാരം അത്യാധുനിക ടെലസ്കോപ്പുകളും മറ്റ് ട്രാക്കിങ് സംവിധാനങ്ങളും ഉപയോഗിച്ചു നാസ നിരന്തരം നിരീക്ഷിച്ചു വരികയാണ്. ഭൂമിക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിക്കാനും തടസ്സപ്പെടുത്താനുമുള്ള സംവിധാനങ്ങൾ നാസ വികസിപ്പിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ 19ന് ഛിന്നഗ്രഹം 2024 ടിവൈ21 ഭൂമിയിൽനിന്ന് 1.35 മില്യൺ കിലോമീറ്റർ ദൂരത്തിലൂടെ സുരക്ഷിതമായി കടന്നുപോയിരുന്നു. ഏകദേശം 40 അടി വ്യാസമുള്ള ഛിന്നഗ്രഹമാണിതെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഭൂമിയുടെ ഭ്രമണപഥം ഉൾപ്പെടെ 195 മില്യൺ കിലോമീറ്ററുകൾക്കുള്ളിൽ സൂര്യനെ സമീപിക്കാൻ കഴിയുന്ന ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളുമാണ് നിയർ എർത്ത് ഒബ്ജക്ട്സിൽ ഉൾപ്പെടുന്നത്. ഇവയിൽ ഭൂരിഭാഗവും ഛിന്നഗ്രഹങ്ങളാണ്. കുഞ്ഞൻ ഛിന്നഗ്രഹം മുതൽ 40 കിലോമീറ്റർ വ്യാസമുള്ള ഛിന്നഗ്രഹങ്ങൾ വരെയുണ്ട്.
എന്താണ് ഛിന്നഗ്രഹം?
സൂര്യനു ചുറ്റും ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ചെറിയ പാറകൾ അല്ലെങ്കിൽ ധാതുക്കളാൽ നിർമിതമായ ബഹിരാകാശ വസ്തുക്കളാണ് ഛിന്നഗ്രഹം (Asteroid). ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമാണ് ഇവ. ഛിന്നഗ്രഹങ്ങൾ ഗ്രഹങ്ങളുടെ സ്വഭാവം കാട്ടുമെങ്കിലും അത്ര വലുതല്ലാത്തതിനാൽ ഗ്രഹത്തിന്റെ ഗുണങ്ങൾ ഇല്ല. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹവലയത്തിലാണ് പ്രധാനമായും ഛിന്നഗ്രഹങ്ങൾ കാണപ്പെടുന്നത്.