മാതാപിതാക്കളുൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തി 15 വയസുകാരൻ


വാഷിങ്ടൺ ഡിസി: അമേരിക്കയിൽ വാഷിങ്ടണിൽ മാതാപിതാക്കളുൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തി 15 വയസുകാരൻ. അച്ഛനെയും അമ്മയേയും പതിമൂന്നും ഒൻപതും ഏഴും വയസുള്ള സഹോദരങ്ങളെയുമാണ് കൊലപ്പെടുത്തിയത്. മരിച്ചുവെന്ന് അഭിനയിച്ചതിനാൽ പതിനൊന്ന് വയസുള്ള സഹോദരി രക്ഷപ്പെട്ടു.

കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സീറ്റിൽ സ്വദേശിയായ മാര്‍ക്ക് ഹമ്മിസറ്റണ്‍, സാറാ ഹമ്മിസ്റ്റണ്‍ എന്നീ ദമ്പതികളും അവരുടെ മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് ഉപയോ​ഗിച്ച് തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അച്ഛന്റെ കൈവശമുണ്ടായിരുന്ന തോക്കാണ് സഹോദരൻ കുടുംബത്തെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ചതെന്ന് പെൺകുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. മരണം സ്ഥിരീകരിക്കാൻ സഹോദരൻ ഓരോ മൃതദേഹങ്ങൾക്കും അരികിൽ എത്തിയിരുന്നു.

ഈ സമയത്ത് പെൺകുട്ടി മരണപ്പെട്ടത് പോലെ അഭിനയിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിന് പുറകിലും കയ്യിലും വെടിയേറ്റിരുന്നു. പ്രതി മുറിയിൽ നിന്ന് പുറത്തുപോയ സമയത്ത് പെൺകുട്ടി ഫയർ എക്സിറ്റിലൂടെ പുറത്തുകടക്കുകയും അയൽവാസികളെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

അശ്ലീല ചിത്രങ്ങൾ കണ്ടതിന് മാതാപിതാക്കൾ പതിനഞ്ചുകാരനെ വഴക്കുപറഞ്ഞിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നി​ഗമനം. സംഭവത്തിൽ ജുവനൈൽ നിയമപ്രകാരം പ്രതി പൊലീസ് തടവിലാണ്.
Previous Post Next Post