ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ച് ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് കാടമുറി സ്വദേശിയായ യുവാവിൽനിന്ന് 18.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കീഴൂർ പുന്നാട് മീത്തലെ ശ്രീരാഗം വീട്ടിൽ എ.കെ. പ്രദീഷിനെയാണ് (42) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ എട്ടു തവണയായാണ് ഇയാൾ പണം തട്ടിയെടുത്തത്.പിന്നീട് പണം തിരികെ ലഭിക്കുന്നതിന് വീണ്ടും 14 ലക്ഷം രൂപ ടാക്സ് ആയി അടയ്ക്കണമെന്ന് ഇവർ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായതെന്ന് യുവാവിന് മനസ്സിലായത്. ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തുന്ന ശരിയായ കമ്പനികളുടെ രൂപത്തിലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ടാക്കിയാണ് ഇവർ തട്ടിപ്പിന് ഉപയോഗിക്കുന്നത്.
യുവാവിന്റെ പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പണം തട്ടിയെടുത്ത ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ബാങ്കുകൾ വഴി തട്ടിയെടുത്ത പണം ഇയാൾ പിൻവലിച്ചിട്ടുള്ളതായി മനസ്സിലാക്കി പിടികൂടുകയായിരുന്നു.