ടി20 ലോകകപ്പ് ഇന്ത്യന്‍ വനിതകള്‍ക്ക് ഇന്ന് നിര്‍ണായകം…മലയാളി താരത്തിന് സ്ഥാനം നഷ്ടമായേക്കും…


വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ശ്രീലങ്കയ്‌ക്കെതിരെ ജയം മാത്രം പോര ഇന്ത്യക്ക്, സെമിപ്രതീക്ഷ നിലനിര്‍ത്താന്‍ തകര്‍പ്പന്‍ വിജയം തന്നെവേണം. ആദ്യ കളിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഇന്ത്യ, പാകിസ്ഥാനെ തോല്‍പിച്ച് വിജയവഴിയില്‍ എത്തിയെങ്കിലും റണ്‍നിരക്കില്‍ വളരെ പിന്നില്‍. പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പിന്‍മാറിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആരോഗ്യം വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വാസം.

പരിക്കേറ്റ പൂജ വസ്ത്രാകറിന് പകരം മലയാളിതാരം സജന സജീവന്‍ ടീമില്‍ തുടര്‍ന്നാല്‍ രണ്ട് മലയാളിതാരങ്ങള്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യന്‍നിരയിലുണ്ടാവും. സജനയ്ക്ക് പകരം പൂജ വസ്ത്രകര്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ആദ്യരണ്ട് കളിയിലും വിക്കറ്റ് വീഴ്ത്തിയ ആശ ശോഭന ടീമില്‍ സ്ഥാനം ഉറപ്പിച്ചു. ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദനായും റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്നതാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. ഷഫാലിയും സ്മൃതിയും ഫോമിലേക്ക് എത്തിയാല്‍ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ച് ഉയരുമെന്നുറപ്പ്. ചാന്പ്യന്‍മാരായ ഓസ്‌ട്രേലിയയെ നേരിടും മുന്‍പ് ലങ്കയെ തോല്‍പിച്ച് കളിയുടെ എല്ലാ മേഖലയിലും മികവിലേക്ക് എത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

Previous Post Next Post