റിയാദ്* : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്തിലുള്ള സംയുക്ത സുരക്ഷാ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കകം വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 22094 നിയമലംഘകരെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയതായി അധികൃതര്‍ വ്യക്തമാക്കി. നേരത്തേ വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിയിലായ 10,943 പേരെ സൗദിയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് നാടുകടത്തുകയുമുണ്ടായി.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റിലായവരില്‍ 13,731 പേരാണ് റസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച് സൗദിയില്‍ കഴിഞ്ഞതിന് പിടിയിലായത്. അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 4,873 പേരും തൊഴില്‍ നിയമം ലംഘിച്ചതിന് 3,490 പേരും പിടിക്കപ്പെട്ടു. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,337 പേര്‍ അറസ്റ്റിലായി. ഇവരില്‍ 53 ശതമാനം പേര് എത്യോപ്യക്കാരും 44 ശതമാനം പേര്‍ യെമനികളും ബാക്കി മൂന്ന് ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്.
മതിയായ രേഖകളില്ലാതെ സൗദി അറേബ്യയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 37 പേരും പിടിക്കപ്പെട്ടു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്ര, താമസ സൗകര്യങ്ങള്‍ നല്‍കിയതിന് 23 പേരെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കാന്‍ ആളുകളെ സഹായിക്കുന്നവരും റസിഡന്‍സി നിയമങ്ങളും തൊഴില്‍ നിയമങ്ങളും ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് ജോലിയോ താമസ സൗകര്യമോ യാത്രാ സൗകര്യമോ ഒരുക്കുകയും ചെയ്യുന്നവരും ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
നിയമലംഘകര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുകയും നിയമലംഘകരുടെ പേര് വിവരങ്ങള്‍ അവരുടെ ചെലവില്‍ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്യും. അടുത്ത കാലത്തായി പ്രതിവാര പരിശോധനകള്‍ക്കിടയില്‍ അറസ്റ്റിലാവുന്ന പ്രവാസികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. നേരത്തേ പിടിയിലായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മാതൃരാജ്യങ്ങളിലേക്ക് നാടുകടത്തപ്പെടുന്നതിന് മുമ്പായി താല്‍ക്കാലിക താമസ കേന്ദ്രങ്ങളില്‍ കഴിയുകയാണ്.
നേരത്ത ഒരു ആഴ്ച ശരാശരി 10,000 അനധികൃത താമസക്കാരെയാണ് പിടികൂടിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 20,000ത്തിനു മുകളിലേക്ക് എത്തിയിരിക്കുന്നു. ഹജ്ജ്, ഉംറ തീര്‍ഥാനടത്തിനെത്തിയ ശേഷം വിസ കാലാവധി കഴിഞ്ഞിട്ടും തൊഴില്‍ അന്വേഷിക്കാനും മറ്റുമായി സൗദിയില്‍ തങ്ങുന്നവരുടെ എണ്ണം വരുന്നതാണ് ഇതിനൊരു കാരണമായി വിലയിരുത്തപ്പെടുന്നത്.