കൊച്ചി: സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാന സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാകുന്നുവെന്ന സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് കേരളത്തിൽ 30 സ്വകാര്യ വ്യവസായ പാർക്കുകൾ യാഥാർഥ്യമാകുന്നുവെന്നാണ് മന്ത്രി വിവരിച്ചത്. ഇതിൽ അഞ്ചോളം സ്വകാര്യവ്യവസായ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞെന്നും ബാക്കിയുള്ളവയുടെ നിർമാണം പുരോഗമിക്കുകയാണെന്നും രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി.
പി രാജീവിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം - 2022 പദ്ധതിക്ക് കീഴിൽ സ്വകാര്യ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള അനുമതി ലഭ്യമായാൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് സർക്കാർ സഹായം ലഭിക്കും. ഈ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഒരു ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ അനുവദിച്ചു നൽകും. സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.