വിപണി തിരിച്ചുപിടിക്കാന്‍ 49,999 രൂപക്ക് ഇലക്ട്രിക് സ്‌കൂട്ടറുമായി ഓല



ബംഗളൂരു: വില്‍പനയില്‍ സംഭവിച്ചിരിക്കുന്ന വന്‍ ഇടിവ് നികത്താന്‍ ആരേയും ഞെട്ടിക്കുന്ന ഓഫറുമായി ഓല ഇലട്രിക്. ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവകാലയളവില്‍ വാഹന വില്‍പ്പന പരമാവധി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ നീക്കം. ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടാനായി വാഹന നിര്‍മാതാക്കള്‍ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിക്കുന്ന സമയംതന്നെ ഓല തിരഞ്ഞെടുത്തതും മറ്റൊന്നുംകൊണ്ടല്ല.
എല്ലാകാലത്തും കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകള്‍ നല്‍കിയാണ് ഓല വിപണിയില്‍ ഇത്രയും സ്വാധീനം നേടിയതെന്നത് പുതിയ ഓഫറിന് അടിവരയിടുന്ന കാര്യമാണ്. കഴിഞ്ഞ മാസം കമ്പനിക്ക് വില്‍പ്പനയില്‍ നേരിട്ട വമ്പന്‍ ഇടിവാണ് മാറി ചിന്തിക്കാന്‍ പ്രേരണയായത്. കഴിഞ്ഞ മാസം 23,965 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായത്. വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ സെയിലായിരുന്നു സെപ്റ്റംബറിലേത്.

എന്തു വിലകൊടുത്തും നഷ്ടപ്പെട്ട വിപണി വിഹിതം തിരിച്ചുപിടിക്കാനാണ് ‘ബോസ്’ അഥവാ ബിഗസ്റ്റ് ഓല സീസണ്‍ സെയില്‍ എന്ന ബാനറിന് കീഴില്‍ ആകര്‍ഷകമായ ഓഫറുകളുടെ ഒരു നിരതന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി എന്‍ട്രി ലെവല്‍ സ്‌കൂട്ടര്‍ ആയ ഓല എസ്1എക്‌സിന് ഇപ്പോള്‍ വെറും 49,999 രൂപ മാത്രം മുടക്കിയാല്‍ സ്വന്തമാക്കാം. എസ്1എക്‌സിന്റെ 2 കെഡബ്ലിയുഎച്ച് ബാറ്ററി ഘടിപ്പിച്ച മോഡലാണ് കുറഞ്ഞ വിലയില്‍ വിറ്റഴിക്കുന്നത്. നിലവില്‍ ഓല എസ്1എക്‌സിന് 2 കെഡബ്ലിയുഎച്ച് ബാറ്ററി വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ 74,999 രൂപയാണ് വില. സ്റ്റോക്കുകള്‍ തീരുന്നത് വരെ മാത്രമേ ഓഫറിന് സാധുതയുള്ളൂവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗം ലഭിക്കുന്ന ഈ സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജില്‍ 95 കിലോമീറ്ററാണ് സര്‍ട്ടിഫൈഡ് റേഞ്ച്. വില്‍പ്പന വര്‍ധിപ്പിക്കുക മാത്രമല്ല വിശാലമായ ഉപഭോക്തക്കള്‍ക്ക് ഇലക്ട്രിക് മൊബിലിറ്റി കൂടുതല്‍ പ്രാപ്യമാക്കുകയും ചെയ്യുന്ന ഒരു നീക്കമാണിത്.
ബോസ് ഓഫര്‍ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് 25,000 രൂപ വരെ പോക്കറ്റിലാക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. വില കുറച്ചതിന് പുറമെ മറ്റ് ചില ആകര്‍ഷകമായ ഓഫറുകളും ഓല പ്രഖ്യാപിച്ചിച്ചിരിക്കയാണ്. ഓല എസ്1 സീരീസിലെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും 10,000 രൂപ വരെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) കൂടുതല്‍ താങ്ങാനാവുന്നതും വ്യാപകവുമാക്കാനുള്ള ഓല ഇലക്ട്രിക്കിന്റെ പ്രതിബദ്ധത ഈ ഡീലുകള്‍ക്ക് അടിവരയിടുന്ന ഘടകമാണ്.
ഉപഭോക്താക്കള്‍ക്ക് 21,000 രൂപ മൂല്യമുള്ള അഡീഷനല്‍ ബെനഫിറ്റുകളുടെ പ്രയോജനം നേടാനും അവസരം ഓഫറിലുണ്ട്. 5,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ്, 6,000 രൂപ വിലയുള്ള 140-ലധികം മൂവ്ഒഎസ് ഫീച്ചറുകള്‍, 7,000 രൂപ വിലയുള്ള 8 വര്‍ഷത്തെ ബാറ്ററി വാറണ്ടി, 7,000 രൂപയുടെ ഹൈപ്പര്‍ ചാര്‍ജിംഗ് ക്രെഡിറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. നിലവിലെ ഓല ഉടമകള്‍ക്ക് റഫറല്‍ പ്രോഗ്രാം വഴി 3,000 രൂപ ഡിസ്‌കൗണ്ട് നേടാനും സാധിക്കുന്നതാണ് ബിഗസ്റ്റ് ഓല സീസണ്‍ സെയില്‍.
Previous Post Next Post