56 വർഷം മുൻപ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം മഞ്ഞുമലയിൽ കണ്ടെത്തി.... കണ്ടെത്തിയത് പത്തനംതിട്ട സ്വദേശിയായ സൈനികൻ്റെ മൃതദേഹം


56 കൊല്ലം മുന്‍പ് മരിച്ച മലയാളി സൈനികന്റെതുള്‍പ്പടെ നാല് സൈനികരുടെ മൃതദേഹം കണ്ടെത്തി. റോഹ്താങ് പാസിലെ മഞ്ഞുമലയില്‍ നിന്നാണ് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹം കിട്ടിയത് . 1968ല്‍ വ്യോമസേനാ വിമാനം തകര്‍ന്നാണ് സൈനികന്‍ മരിച്ചത്.വൈകീട്ടാണ് സൈന്യത്തില്‍ നിന്നുള്ള വിവരം ആറന്‍മുള പൊലീസിന് ലഭിച്ചത്. ലഫ്റ്റന്റ് അജയ് ചൗഹാന്‍ എന്ന കേണലാണ് സ്റ്റേഷനില്‍ ബന്ധപ്പെട്ടതെന്ന് ആറന്‍മുള പൊലീസ് അറിയിച്ചു. 1968ല്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം സംബന്ധിച്ച് വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇക്കാര്യം അയാളുടെ ബന്ധുക്കളെ അറിയിക്കണമെന്നായിരുന്നു സൈന്യത്തില്‍ നിന്നും ലഭിച്ച സന്ദേശമെന്നും പൊലീസ് പറയുന്നു.

അന്ന് മരിച്ച സൈനികന്റെ അഡ്രസും കേണല്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് സൈന്യം നല്‍കിയ അഡ്രസ് ട്രേസ് ചെയ്ത് സൈനികന്റെ ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിക്കുകയായിരുന്നു. 1968ല്‍ മരിക്കുമ്പോള്‍ സൈനികന്റെ പ്രായം 21 വയസ്സായിരുന്നു. അന്‍പത് വര്‍ഷങ്ങള്‍ക്കപ്പുറമായതിനാല്‍ ഇയാളുടെ മറ്റ് ഫോട്ടോകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ബന്ധുക്കളെ കണ്ടെത്തി വിവരം കൈമാറിയ കാര്യം പൊലീസ് സൈന്യത്തെ അറിയിച്ചിട്ടുണ്ട്.

അന്നത്തെ അപകടത്തില്‍ മറ്റ് മൂന്ന് സൈനികരുടെ മൃതദേഹം ലഭിച്ചതായും സൈന്യം അറിയിച്ചു. ഇവ കൂടി ലഭിച്ചതോടെ ഈ അപകടത്തില്‍ മരിച്ച എല്ലാവരുടെയും മൃതദേഹം ലഭിച്ചതായി സൈന്യം അറിയിച്ചതായി ആറന്‍മുള പൊലീസ് പറഞ്ഞു. 1968 ഫെബ്രുവരി 7 ന് 102 യാത്രക്കാരുമായി ചണ്ഡീഗഡില്‍ നിന്ന് പറന്നുയര്‍ന്ന IAF ന്റെ നാല് എഞ്ചിനുകളുള്ള ടര്‍ബോപ്രോപ്പ് AN12 വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്നുവീഴുകയായിരുന്നു.
Previous Post Next Post