ഫാൾ സിറ്റി, വാഷിങ്‌ടൻ : സിയാറ്റിലിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഫാൾ സിറ്റിയിൽ തിങ്കളാഴ്ച രാവിലെ നടന്ന വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരു കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ 5 മണിയോടെയാണ് ഈ സംഭവത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് വീടിനുള്ളിൽ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ രണ്ടുപേർ മുതിർന്നവരും മൂന്നുപേർ കൗമാരക്കാരും ആയിരുന്നുവെന്ന് കിങ് കൗണ്ടി ഷെരീഫിന്‍റെ ഓഫിസ് വക്താവ് മൈക്ക് മെല്ലിസ് അറിയിച്ചു.
പരുക്കേറ്റ മറ്റൊരു കൗമാരക്കാരനെ സിയാറ്റിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഉൾപ്പെട്ട കൗമാരക്കാരനെ കിങ് കൗണ്ടിയിലെ ജുവനൈൽ തടങ്കൽ കേന്ദ്രത്തിലാക്കി.