ചേര്‍ത്തല: ചേർത്തലയിലെ ഡോക്ടര്‍ദമ്പതിമാരില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 7.5കോടി തട്ടിയ സംഘത്തിലെ പ്രധാന പ്രതികളിലൊരാള്‍ പിടിയിലായതോടെ കേസിൽ വഴിത്തിരുവുണ്ടാകുമെന്ന പ്രതീക്ഷയിൽ പൊലീസ്. രാജസ്ഥാന്‍ പാലി സ്വദേശി നിര്‍മ്മല്‍ ജയിനെ(22)യാണ് ജില്ലാ ക്രൈബ്രാഞ്ച് രാജസ്ഥാനിലെ ജോജോവാറില്‍ നിന്നും പിടികൂടിയത്. ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ടു ബന്ധമുള്ള ഇന്ത്യയിലെ മുഖ്യകണ്ണികളിലൊരാളാണ് നിര്‍മ്മല്‍ ജയിന്‍. അറസ്റ്റ് കേസന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ കേസിലെ പ്രധാനിയായ മഹാരാഷ്ട്ര സ്വദേശി ഭഗവാന്‍ റാമിനെയും ക്രൈംബ്രാഞ്ച് കഴിഞ്ഞമാസം പിടികൂടിയിരുന്നു. കേസില്‍ ആദ്യം അന്വേഷണം നടത്തിയിരുന്ന ചേര്‍ത്തല പൊലീസ്, സംഭവത്തില്‍ കണ്ണികളായ ഏതാനും പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയിരുന്നു. ഭഗവാന്‍ റാമിന്റെ അറസ്റ്റിനു ശേഷം നിര്‍മ്മല്‍ ഒളിവിലായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ.സുനില്‍രാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്.ഐമാരായ ടി.ഡി.നെവിന്‍ ,മോഹന്‍കുമാര്‍, എ.എസ്.ഐ വി.വി.വിനോദ്,സി.പി.ഒ മാരായ രഞ്ജിത്ത്, സിദ്ദിഖുല്‍ അക്ബര്‍ എന്നിവര്‍ ദിവസങ്ങളോളം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലി ജില്ലയിലെ ജോജോവാര്‍ എന്ന സ്ഥലത്തെ ഒളിസങ്കേതത്തില്‍ നിന്നും ഇയാളെ പിടികൂടിയത്.