അച്ഛനമ്മമാരും കുട്ടികളും ശ്രദ്ധിക്കുക! ഉഴപ്പിയാൽ ഇനി ജയിക്കില്ല; ഈ വര്‍ഷം മുതല്‍ 8ാം ക്ലാസില്‍ മിനിമം മാർക്ക്



.തിരുവനന്തപുരം: എസ്.എസ്.എൽസി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ​ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സമ്പ്രദായം (സബ്ജെക്ട് മിനിമം)  നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഈ വർഷം മുതൽ എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കും. നിലവിലെ ഓൾ പ്രൊമോഷൻ രീതിയിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.  ഏതെങ്കിലും വിഷയത്തിൽ വിദ്യാർഥിക്ക് മാർക്ക് കുറഞ്ഞാൽ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ഒമ്പതാം ക്ലാസിലും മിനിമം മാർക്ക് നടപ്പാക്കും.നേരത്തെ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിജയിക്കാൻ 30 ശതമാനം മാർക്ക്‌ വേണം. മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്‌സ് നടത്തും. കോഴ്‌സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് പുനഃപരീക്ഷയുണ്ടാകും. അടുത്ത വർഷം ഒമ്പതിലും മിനിമം മാർക്ക്‌ പ്രാബല്യത്തിൽ വരും. 2026-27ൽ എസ്‌എസ്‌എൽസി പരീക്ഷയിലും ബാധകമാകും. 2024 മെയ് 28ന് നടന്ന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. വിദ്യാഭ്യാസ ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്കൂളുകൾ പൂട്ടുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വ്യാപകമായി പരിശോധന നടത്തണം. ഒരു മാസത്തിനകം ഇത് പൂർത്തിയാക്കണം. അനുവാദം ഇല്ലാതെ എത്ര സ്കൂളുകൾ പ്രവർത്തിക്കുന്നുവെന്ന കാര്യത്തിൽ ഒരു മാസത്തിനകം റിപ്പോർട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. കോഴ കൊടുക്കുന്നവർ ആലോചിക്കണമെന്നും പരാതി ലഭിച്ചാൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

Previous Post Next Post