അബുദാബി: രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ അണക്കെട്ടുകളും ജലകനാലുകളും നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് യുഎഇ പ്രസിഡന്‍റിന്‍റെ സംരംഭങ്ങള്‍ക്കായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കി. യുഎഇ പ്രസിഡന്‍റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നീക്കം. വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുക.
രാജ്യത്തെ ജല സംഭരണികളുടെ ശേഷി വര്‍ധിപ്പിക്കുകയെന്ന യുഎഇ ജലസുരക്ഷാ തന്ത്രം 2036 ന്‍റെ ലക്ഷ്യങ്ങളുടെ ഭാഗമായി യുഎഇയുടെ തന്ത്രപ്രധാനമായ ജലസുരക്ഷാ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് പുതിയ പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് യുഎഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒമ്പത് പുതിയ ജല അണക്കെട്ടുകള്‍ നിര്‍മ്മിക്കാനും നിലവിലുള്ള രണ്ടെണ്ണം വികസിപ്പിക്കാനും നിരവധി തടയണകള്‍ നിര്‍മ്മിക്കാനുമുള്ള പദ്ധതികള്‍ കമ്മിറ്റി പ്രഖ്യാപിച്ചു. ഈ നടപടികള്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും എട്ട് ദശലക്ഷം ഘനമീറ്റര്‍ വരെ സംഭരണശേഷിയുള്ള മഴവെള്ളം പ്രളയജലവും ശേഖരിച്ച് രാജ്യത്തെ ജലശേഖരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
19 മാസത്തിനകം പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. അതോടൊപ്പം ചില ജനവാസ മേഖലകളിലെ മഴയില്‍ നിന്നുള്ള നീരൊഴുക്കിന്‍റെ ആഘാതം ലഘൂകരിക്കുന്നതിന് ഏകദേശം 9 കിലോമീറ്റര്‍ നീളത്തില്‍ ഒമ്പത് ജല കനാലുകളുടെ നിര്‍മ്മാണവും നടത്തും. ഷാര്‍ജ എമിറേറ്റിലെ ഷിസ്, ഖോര്‍ഫക്കാന്‍, അജ്മാന്‍ എമിറേറ്റിലെ മസ്ഫൂത്ത്, റാസല്‍ഖൈമയിലെ ഷാം, അല്‍ ഫഹ്ലീന്‍, ഫുജൈറ എമിറേറ്റിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ഹായില്‍, ഖിദ്ഫ, മുര്‍ബെ, ദദ്‌ന, അല്‍ സീജി, ഗാസിമ്രി എന്നിവയുള്‍പ്പെടെ 13 റസിഡന്‍ഷ്യല്‍ ഏരിയകളിലായാണ് ജലകനാല്‍ പദ്ധതികള്‍ നടപ്പാക്കുകയെന്ന് സമിതി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലില്‍ പൊടുന്നനെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ദുബായ് നഗരത്തിലടക്കം വലിയ രീതിയില്‍ വെള്ളം കയറുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ റസിഡന്‍ഷ്യല്‍ ഏരിയകളിലെ ജലം ഒഴുകിപ്പോവുന്നതിന് ആവശ്യമായ കനാലുകള്‍ നിര്‍മിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേപോലെ, പര്‍വത പ്രദേശങ്ങളില്‍ നിന്നുള്ള വെള്ളം കുത്തിയൊഴുകി ജലവാസ കേന്ദ്രങ്ങളില്‍ എത്തുന്നത് തടയുകയെന്ന ലക്ഷ്യമാണ് പുതിയ അണക്കെട്ടുകളുടെ നിര്‍മാണത്തിന് പിന്നില്‍. ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കരുതുന്ന പദ്ധതികള്‍ വരുന്നതോടെ പ്രളയ ജലം മൂലമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.