ഫലം വൈകുന്നു..ഹരിയാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി നൽകി കോൺ​ഗ്രസ്…


ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നീക്കവുമായി കോൺ​ഗ്രസ്. തെരഞ്ഞെടുപ്പ് ഫലസൂചനകൾ വെകിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ രണ്ടു മണിക്കൂറായി തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നുവെന്നാണ് പരാതി. നേരത്തെ, കമ്മീഷനെതിരെ കോൺഗ്രസ് വക്താവ് ജയറാം രമേശ് രം​ഗത്തെത്തിയിരുന്നു. ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുകയാണോയെന്നും ജയറാം രമേശ് പ്രതികരിച്ചിരുന്നു. അതേസമയം, തോൽക്കുമ്പോൾ വോട്ടിംഗ് മെഷീനെ കുറ്റം പറയുന്നത് കോൺഗ്രസിൻ്റെ പതിവ് പല്ലവിയെന്നാണ് ബിജെപിയുടെ പ്രതികരണം. രാഹുലിൻ്റെ ജാതി സെൻസെസ് ബൂമറാങ്ങായെന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

Previous Post Next Post