മരണത്തിന് മുന്‍പ് വഴക്കിട്ടിരുന്നതായി..വ്‌ലോഗര്‍ ദമ്പതിമാരുടെ മരണത്തില്‍ ദുരൂഹത ഏറുന്നു..അന്വേഷണം ഊർജിതമാക്കി പൊലീസ്…




പാറശാലയില്‍ ദമ്പതികളായ വ്‌ലോഗര്‍മാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ്. ആത്മഹത്യാക്കുറിപ്പോ മറ്റു സൂചനകളോ ഇല്ലാത്തത് പൊലീസിനെ വലയ്ക്കുന്നു.ഇരുവരുടെയും ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.വഴക്കിന് പിന്നാലെ പ്രിയലതയെ(40) കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സെല്‍വരാജ്(45) ആത്മഹത്യ ചെയ്തതാകാമെന്നാണു പൊലീസ് കരുതുന്നത്.

എല്ലാ സാധ്യതകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണ്‍ പറഞ്ഞു. തുടര്‍ച്ചയായി ഇവരിലാരും ഫോണ്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്ന് മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.പ്രിയലതയുടെ കഴുത്തില്‍ കൈകൊണ്ട് അമര്‍ത്തിയ പാട് കണ്ടതിനാലാണ് സെല്‍വരാജ് കൊലപ്പെടുത്തിയെന്ന സംശയം പൊലീസിന് ഉണ്ടായത്. മരണകാരണം സംബന്ധിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.52ന് മരണസന്ദേശം വ്യക്തമാക്കുന്നതു പോലുള്ള, സിനിമാ ഗാനം ചേര്‍ത്തുള്ള വിഡിയോ ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതും സെല്‍വരാജ് മനഃപൂര്‍വം ചെയ്തതാണെന്ന സംശയവും പൊലീസിനുണ്ട്.
Previous Post Next Post