'ഇറാന്‍ വലിയ തെറ്റ് ചെയ്തു, പ്രത്യാഘാതം നേരിടേണ്ടി വരും'; മുന്നറിയിപ്പുമായി നെതന്യാഹു, പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക




ടെല്‍ അവീവ്: മിസൈല്‍ വര്‍ഷം നടത്തിയ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണത്തെ അപലപിച്ച നെതന്യാഹു ഇറാന്‍ 'വലിയ തെറ്റ്' ചെയ്തുവെന്ന് കുറ്റപ്പെടുത്തി. ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിന്റെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ച് ഇറാന്‍ ഭരിക്കുന്നവര്‍ക്ക് ഒരു ധാരണയുമില്ലെന്നും ശത്രുക്കളെ ഇസ്രയേല്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ധാരണയുണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു തെറ്റിന് ഇറാന്‍  തുനിയില്ലായിരുന്നുവെന്നും അദ്ദേഹം രാഷ്ട്രീയസുരക്ഷാകാര്യ യോഗത്തിന് മുന്നോടിയായി പറഞ്ഞു.

ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്ക ഇറാന് ശക്തമായ മുന്നറിയിപ്പും നല്‍കി. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു. ഇറാന്‍ ആക്രമണത്തില്‍ യുഎസ് ഇസ്രയേലിനൊപ്പം നില്‍ക്കുമെന്നും പ്രതികാര നടപടികളെ പിന്തുണയ്ക്കുമെന്നും സള്ളിവന്‍ അറിയിച്ചു. ഇസ്രയേലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉചിതമായ മറുപടി നല്‍കുന്നതിന് സൈനിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇസ്രയേലിന്റെ പ്രതിരോധത്തില്‍ യുഎസ് സൈന്യം സഹായിക്കുമെന്നും ഇനിയുള്ള ഇറാന്റെ മിസൈല്‍ ആക്രമണങ്ങളെ തടയുമെന്നും ബൈഡന്‍ ഉറപ്പുനല്‍കി.

ഇസ്രയേലിലെ ടെല്‍ അവീവില്‍ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുള്ളവര്‍ വീടുകളിലും മറ്റുമായുള്ള സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന മേഖലയില്‍ ആക്രമണം നടന്നതായാണ് വിവരം. മിസൈല്‍ ആക്രമണത്തില്‍ ഇതുവരെ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍  നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ ഇസ്രയേലിന് നേരെ 400ലധികം മിസൈലുകള്‍ വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്.

ഇറാനില്‍ നിന്ന് രാജ്യത്തേക്ക് മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേലിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസിയും അറിയിച്ചു. പൗരന്മാര്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ആക്രമണം അവസാനിച്ചതായുള്ള സൂചനകള്‍ ഇറാന്‍ നല്‍കി. ചൊവ്വാഴ്ച നടന്ന മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കിയാല്‍ വീണ്ടും ആക്രമണം നടത്തുമെന്നും ഇറാന്‍ അറിയിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Previous Post Next Post