പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന ആരോപണവുമായി ദേവസ്വം ഭാരവാഹികള്‍. ദേവസ്വം ഭരണ സമിതിയോടും തൃശൂര്‍ പൂരത്തോടും എതിര്‍പ്പുള്ളവരാകാം അട്ടിമറിക്ക് പിന്നില്‍ എന്ന് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. അഗ്നിബാധയുമായി ബന്ധപ്പെട്ട പൊലീസ് എഫ്‌ഐആറിലെ വിവരങ്ങള്‍ തെറ്റാണെന്നും ദേവസ്വം ആരോപിച്ചു. അഗ്രശാലയിലുണ്ടായ അഗ്‌നിബാധക്ക് പൂരം വിവാദവുമായി ബന്ധമുണ്ടോ എന്നത് അന്വേഷണത്തിലെ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു,ഷോട്ട് സര്‍ക്യൂട്ടിന് ഒരു സാധ്യതയുമില്ല. തീപിടുത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും പാറമേക്കാവ് ദേവസ്വം അധികൃതര്‍ ആവശ്യപ്പെട്ടു.
പാളകളും വിളക്കുകളും കത്തിയെന്ന പൊലീസ് വാദം ശരിയല്ല. പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അഗ്‌നിബാധ ഉണ്ടായ അഗ്രശാലയില്‍ വെടിമരുന്നിന്റെ അംശം ഉള്ളതായി സംശയിക്കുന്നതായും ദേവസ്വം സെക്രട്ടറി പ്രതികരിച്ചു.തൃശൂര്‍ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ടുകൊണ്ട് ലോകം മുഴുവന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ പാറമേക്കാവ് ക്ഷേത്രത്തിലുണ്ടായ സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് പാറമേക്കാവ് ദേവസ്വം പറഞ്ഞു.