പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവം..താക്കീതുമായി ഹൈക്കോടതി…


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവത്തിൽ കർശന താക്കീതുമായി ഹൈക്കോടതി. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി​യെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ക്ഷേത്രഭൂമിയിൽ താൽക്കാലികമായോ സ്ഥിരമായോ കയ്യേറ്റമുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് വിധി.ഇതുപോലെയുള്ള സംഭവങ്ങൾ അനുവദിക്കാനാവില്ലെന്ന്​ വ്യക്തമാക്കിയ കോടതി ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ്​ നടപടിക്ക്​ നിർദേശിച്ചത്​.

ക്ഷേത്രത്തിൽ സംഭവിച്ചത് ആചാരലം​ഘനമാണെന്ന് ചൂണ്ടിക്കാട്ടി വിശ്വാസികൾ നൽകിയ ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി. അതേസമയം അച്ചടക്ക നടപടിയുടെ ഭാഗമായി എക്സിക്യുട്ടീവ് ഓഫിസറെ തസ്തികയിൽ നിന്ന്​ മാറ്റണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും ജാ​ഗ്രത പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരിൽ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തിലെ ഡൈനിംഗ് റൂമിലാണ് ബിരിയാണി വിളമ്പിയത്. ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ബിരിയാണി വിതരണം നടത്തിയത്.
Previous Post Next Post