പത്തനംതിട്ട: പത്തനംതിട്ടയിൽ അടുത്തടുത്ത സ്ഥലങ്ങളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ച സംഭവത്തിൽ ദുരൂഹത. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് പത്തനംതിട്ട മാക്കാംകുന്ന് എവർ ഷൈൻ സ്കൂളിന്‍റെ ബസ്, അടുത്തുള്ള സരോജ ഗ്യാസ് ഏജൻസിയുടെ ഡെലിവറി വാൻ എന്നിവയ്ക്കാണ് തീപിടിച്ചത്. ഒരു മണിക്കൂർ വ്യത്യാസത്തിൽ അടുത്തടുത്ത സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് തീ പിടിക്കുകയായിരുന്നു. പരിശോധനയിൽ സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ ഓടി പോകുന്നതായി കണ്ടെത്തി.
ഇന്നലെ രാത്രി 11.10 നും, 12.30 നും പത്തനംതിട്ട മാക്കാംകുന്ന് ഭാഗത്തായി അഗിനശമന സേനക്ക് രണ്ട് ഫോൺ കോളുകളെത്തിയത്.
പത്തനംതിട്ട മുൻസിപ്പാലിറ്റി മാക്കാം കുന്ന് ശ്രീ സജീവ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സരോജ ഗ്യാസ് ഏജൻസി കോമ്പൗണ്ടിനുള്ളിൽ വെച്ചാണ് വാനിന് തീ പിടിച്ചത്. ഗ്യാസ് സിലിണ്ടർ കയറ്റി നിന്നിരുന്ന കെ എൽ 03 എഎഫ് 7117 അശോക് ലൈലാൻഡ് ദോസ്ത് വാഹനത്തിന്റെ ക്യാബിനാണ് തീപിടിച്ചത്. വിവരമറിഞ്ഞ് അഗിനശമസന സേന സംഭവസ്ഥലത്ത് എത്തുന്നതിനു മുൻപ് തന്നെ ഗ്യാസ് ഏജൻസിയിലെ ജീവനക്കാർ എക്സ്റ്റിംഗ്യൂഷറും വെള്ളവും ഉപയോഗിച്ച് തീ കെടുത്തിയിരുന്നു.
വാനിൽ നിറയെ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. വാഹനം പാർക്ക് ചെയ്തിരുന്നതിന് പത്ത് മീറ്റർ അടുത്ത് 500 ഓളം ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന ഗോഡൌണും ഉണ്ടായിരുന്നു. തലനാരിഴ്യ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഗ്യാസ് ഏജൻസിയിൽ തീപിടിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ പതിമൂന്നാം വാർഡ് കരിമ്പിനാക്കുഴി മാക്കാംകുന്നിലുള്ള എവർഷൈൻ റസിഡൻഷ്യൽ സ്കൂളിന്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്‌തിരുന്ന സ്കൂൾ വാനിനും തീപിടിച്ചത്. 12.50 ഓടെയാണ് ബസിന് തീ പിടിച്ചതായി ഫയർഫോഴ്സിന് അറിയിപ്പ് കിട്ടിയത്.
അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ബിസിനുള്ളിൽ മുഴുവനായി തീ പടർന്നിരുന്നു. ബിസിന് തൊട്ടടുത്ത് മറ്റു സ്കൂൾ വാഹനങ്ങൾ ഉണ്ടായിരുന്നു. ഉടനെ തന്നെ വെള്ളം പമ്പ് ചെയ്ത് തീ അണച്ച ശേഷം ബസിന്‍റെ ബാറ്ററി ബന്ധം വിച്ഛേദിച്ചു. തൊട്ടടുത്ത സ്ഥലങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ ഉണ്ടായ തീപിടുത്തത്തിൽ ദുരൂഹത തോന്നിയതിനാൽ ജില്ലാ ഫയർ ഓഫീസർ ബിഎം പ്രതാപചന്ദ്രന്‍റെ നിർദ്ദേശത്തേതുടർന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ ഓടി പോകുന്നത് കണ്ടെത്തിയത്. ഗ്യാസ് ഗോഡൌണും സ്കൂളും തമ്മിൽ 200 മീറ്റർ മാത്രമാണ് ദൂരമുണ്ടായിരുന്നത്. രാത്രി 12.07 ഓട് കൂടി ഒരാൾ സ്കൂൾ വാഹനത്തിന് തീയിടുന്നതും ഓടിപ്പോകുന്നതും വീഡിയോയിൽ നിന്നും കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.