തേങ്കുറിശ്ശി ദുരഭിമാനക്കൊല: രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം




പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷിനെയും ഹരിതയുടെ അച്ഛനും രണ്ടാം പ്രതിയുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവു വിധിച്ചത്. ഇരുവര്‍ക്കും അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

2020 ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേല്‍ജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്‌തെന്ന കാരണത്താല്‍ അമ്മാവനും അച്ഛനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണു കേസ്.

വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. ഡിസംബര്‍ 25ന് വൈകീട്ട് പൊതുസ്ഥലത്തു വച്ചാണ് അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം തന്നെ നിരവധി തവണ പ്രതികള്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു.
Previous Post Next Post