സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്; കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ നീക്കം; ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി



യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ പ്രത്യേക അന്വേഷണസംഘം. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഇന്നും സിദ്ദിഖ് ഹാജരാക്കിയില്ല. ഒന്നര മണിക്കൂര്‍ മാത്രമാണ് സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്തത്. ശേഷം സിദ്ദിഖിനെ വിട്ടയയ്ക്കുകയായിരുന്നു. സിദ്ദിഖിനെ ഇനി ചോദ്യം ചെയ്യുന്നില്ലെന്നും ഇനി കോടതിയില്‍ കാണാമെന്നുമാണ് പൊലീസിന്റെ നിലപാട്.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സുപ്രിംകോടതിയെ അറിയിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. സിദ്ദിഖ് നേരത്തെ പറഞ്ഞിരുന്ന ഫോണ്‍, വാട്‌സാപ്പ് ചാറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക്ക് തെളിവുകള്‍ ഇന്നും ഹാജരാക്കിയില്ലെന്ന് അന്വേഷണസംഘം പറയുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടിയതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സിദ്ദിഖിനെ വിട്ടയച്ചത്. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ പ്രാഥമിക വിവരങ്ങള്‍ മാത്രം ശേഖരിച്ച് വിട്ടയക്കുകയാണ് ഉണ്ടായത്. കേസിനടിസ്ഥാനമായ ഡിജിറ്റല്‍ രേഖകള്‍ കൈയിലുണ്ടെന്നും അത് ഇന്ന് ഹാജരാകണമെന്നും സിദ്ദിഖ് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍. എന്നാല്‍ ഇന്നും തെളിവുകള്‍ ഹാജരാക്കാന്‍ സിദ്ദിഖിന് സാധിച്ചില്ല.

Previous Post Next Post