വിവിധ സ്കൂളുകളില്‍ കരാട്ടേ അധ്യാപകനായി പ്രവർത്തിക്കുന്ന പാസ്റ്ററെ പോക്സോ കേസില്‍ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണ്‍ (സണ്ണി-51) ആണ് അറസ്റ്റിലായത്.
സുവിശേഷ പ്രവർത്തനങ്ങള്‍ ചെയ്യുന്ന പ്രതി ഹൈറേഞ്ചില്‍ വിവിധ സ്കൂളുകളില്‍ കരാട്ടേ പഠിപ്പിക്കുന്നുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായെത്തി കരാട്ടേ ക്യാമ്ബിനെന്ന പേരില്‍ കട്ടപ്പന നഗരത്തിലെ പോലീസ് സ്റ്റേഷന് അടുത്ത് തന്നെയുള്ള ലോഡ്ജില്‍ മുറിയെടുത്തു.
കട്ടപ്പന സി.ഐ. ആണെന്നാണ് ലോഡ്ജ് നടത്തിപ്പുകാരോട് പറഞ്ഞത്. എന്നാല്‍ നിലവിലെ കട്ടപ്പന സി.ഐ. സി.പി.ഒ. ആയും എസ്.ഐ. ആയും വർഷങ്ങള്‍ കട്ടപ്പന സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നതിനാല്‍ പരിചയമുള്ള ലോഡ്ജ് ജീവനക്കാർക്ക് മുന്നില്‍ തട്ടിപ്പ് പൊളിഞ്ഞു.
പന്തികേട് തോന്നിയ ലോഡ്ജ് ജീവനക്കാർ പോലീസില്‍ വിവരം അറിയിച്ചു. തുടർന്ന് പോലീസ് എത്തിയപ്പോള്‍ കൂടെയുള്ളത് മകളാണെന്ന് പ്രതി പറഞ്ഞെങ്കിലും ചോദ്യം ചെയ്യലില്‍ മകളല്ലെന്ന് പോലീസിന് വിവരം ലഭിച്ചു. തുടർന്നാണ് പ്രതിക്കെതിരെ കേസെടുത്തത്.