കള്ളക്കടല്‍ പ്രതിഭാസം, ഇന്നും ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. താഴെ പറയുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൂവാര്‍ വരെ

കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ, ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ, എറണാകുളം: മുനമ്പം എഒ മുതല്‍ മറുവക്കാട് വരെ, തൃശൂര്‍ : ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ, മലപ്പുറം: കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ, കോഴിക്കോട്: ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ, കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂ മാഹി വരെ

കാസര്‍കോട്: കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ, തമിഴ്നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Previous Post Next Post