കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതനായ നടൻ മോഹൻരാജ് അന്തരിച്ചു


സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണവാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. കിരീടം സിനിമയിലെ അതികായകനായ വില്ലൻ... കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി.

കിരീടം സിനിമയ്ക്ക് ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പ് കിലുക്കണ ചങ്ങാതി, രജപുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ച് സഹകരിക്കുകയുണ്ടായി എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു. നാളെയാണ് സംസ്കാരം എന്നാണ് മോഹൻരാജിന്റെ വേർപാട് അറിയിച്ച് ദിനേശ് പണിക്കർ കുറിച്ചത്. വർഷങ്ങളായി അടുത്ത സൗഹൃദം മോഹൻരാജും ദിനേശ് പണിക്കരും തമ്മിലുണ്ട്.

പേര് മോഹൻരാജ് എന്നാണെങ്കിലും നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മോഹൻരാജിനെ സ്ക്രീനിൽ കാണുമ്പോൾ കീരിക്കാടൻ ജോസ് എന്നാണ് ഏതൊരു സിനിമാ പ്രേമിയും ആദ്യം പറയുക. പലർക്കും മോഹൻരാജ് എന്നാണ് താരത്തിന്റെ പേര് എന്നത് പോലും അറിയില്ല. സിനിമ മോഹിച്ച് അഭിനയത്തിലേക്ക് എത്തിയതായിരുന്നില്ല മോഹൻരാജ്. എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതാണ്.

എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് കിരീടത്തിൽ അഭിനയിക്കാനുള്ള അവസരം നടനെ തേടിയെത്തിയത്. ചിത്രം വൻ ഹിറ്റായതോടെ മോഹൻരാജ് മലയാളത്തിലെ വില്ലന്മാരിൽ പ്രധാനിയായി. കഴുമലൈ കള്ളൻ, ആൺകളെ നമ്പാതെ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്താണ് മോഹൻരാജിന്റെ തുടക്കം. സംവിധായകൻ കലാധരനൊപ്പമാണ് കിരീടത്തിന്റെ സെറ്റിലേക്ക് മോഹൻരാജ് എത്തിയത്.

നാട് വിറപ്പിക്കുന്ന കീരിക്കാടൻ ജോസാകാൻ കിരീടം ടീം ആദ്യം തീരുമാനിച്ചിരുന്ന ഒരു കന്നഡ നടനെയായിരുന്നു. എന്നാൽ പറഞ്ഞുറപ്പിച്ച തിയ്യതിയിൽ ആ നടൻ എത്തിയില്ല. അപ്പോഴാണ് സിബി മലയിൽ മോഹൻരാജിനെ കലാധരന്റെ മുറിയിൽ വെച്ച് കണ്ടതും ശ്രദ്ധിച്ചതും. കീരിക്കാടൻ ജോസാകാൻ പെർഫെക്ട് മോഹൻരാജാണെന്ന് സിബിക്ക് തോന്നി.

തിരക്കഥാകൃത്ത് ലോഹിതദാസിനും സിബിയുടെ അതേ ചിന്തയാണ് മോഹൻരാജിനെ കണ്ടമാത്രയിൽ വന്നത്. അതോടെ മോഹൻരാജ് കീരിക്കാടൻ ജോസായി. സിനിമയും കഥാപാത്രവും പിൽക്കാലത്ത് വലിയ ഹിറ്റായി മാറിയെങ്കിലും കീരിക്കാടൻ ജോസായതിന്റെ പേരിൽ ചില നഷ്ടങ്ങളും മോഹൻരാജിനുണ്ടായി. കേന്ദ്ര സർവീസിൽ ജോലി ചെയ്യുമ്പോൾ സർക്കാരിൽ നിന്ന് അനുവാദം വാങ്ങണമായിരുന്നു. അതൊന്നും മോഹൻരാജ് ചെയ്തിരുന്നില്ല. മാത്രമല്ല സഹപ്രവർത്തകരായ മറ്റ് ഉദ്യോ​ഗസ്ഥരുടെ പാരവെപ്പ് കൂടിയായതോടെ മോഹൻരാജ് സസ്പെൻഷനിലായി.

പിന്നീട് 20 വർഷത്തോളം ജോലി തിരിച്ച് പിടിക്കാൻ നടൻ നിയമപോരാട്ടം നടത്തി. 2010ൽ അത് ഫലം കാണുകയും തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പക്ഷെ വൈകാതെ നടൻ ജോലിയിൽ നിന്നും വിരമിച്ചു. ചിറകൊടിഞ്ഞ കിനാവുകളും റോഷാക്കുമായിരുന്നു അവസാനമായി പുറത്തിറങ്ങിയ മോഹൻരാജിന്റെ സിനിമകൾ.
Previous Post Next Post