ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. കേസിൽ ഉൾപ്പെട്ട ബിനു ജോസഫിൻ്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളിൽ സംശയമുണ്ട്. ഇതിൽ വ്യക്തത വരുത്താനാണ് നടനെ വീണ്ടും വിളിക്കാൻ അന്വേഷണസംഘം ആലോചിക്കുന്നത്.അതേസമയം പ്രയാഗയുടെ മൊഴി പൊലീസ് വിശ്വാസത്തില്‍ എടുത്തു.ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് സ്ഥിരീകരണമുണ്ടായിരിക്കുന്നത്.
താരങ്ങളുടെ മൊഴികൾ പരിശോധിച്ചുവരികയാണ്. പ്രയാഗയുടെ മൊഴി തൃപ്തികരമെന്ന നിലപാടിലാണ് പൊലീസ്. നക്ഷത്രഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണെന്നും അവിടെ ലഹരി പാർട്ടി നടന്നത് അറിഞ്ഞില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസിക്കൊപ്പമാണ് ഹോട്ടലിൽ എത്തിയത്. ബിനു ജോസഫും സുഹൃത്തുക്കൾക്കൊപ്പമുണ്ടായിരുന്നതായും നടി വ്യക്തമാക്കി.കൂടാതെ ലഹരി പരിശോധനയ്ക്കായി രക്ത പരിശോധന നടത്താൻ താരങ്ങൾ സന്നദ്ധരായി. നിലവിൽ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. ഇന്നലെയാണ് താരങ്ങൾ ചോദ്യം ചെയ്യലിന് ഹാജരായത്.