സര്‍ക്കാര്‍ പരിപാടികളില്‍ തന്നെ ക്ഷണിക്കുന്നില്ലെന്ന ആരോപണവുമായി പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. സര്‍ക്കാര്‍ പരിപാടികളില്‍ ക്ഷണിക്കാത്തതിലെ പ്രതിഷേധം പരിപാടികളില്‍ പങ്കെടുത്തു കൊണ്ട് തന്നെ എംഎല്‍എ പ്രകടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മണര്‍കാട് ഉപജില്ലാ കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിന്റെ സമാപനത്തിലും ക്ഷണിക്കാത്തതിന്റെ പ്രതിഷേധമാണ് ചാണ്ടി ഉമ്മന്‍ വേദിയിലെത്തി പ്രകടമാക്കിയത്.
ഇക്കാര്യം മണ്ഡലത്തിലെ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മന്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് സ്പീക്കര്‍ എ എന്‍ ഷംസീറിന് ചാണ്ടി ഉമ്മന്‍ പരാതി നല്‍കിയിരുന്നു. പ്രോട്ടോകോള്‍ പ്രകാരം അധ്യക്ഷനാകേണ്ട പരിപാടികളില്‍ പോലും മുഖ്യാതിഥിയായാണ് ക്ഷണിക്കാറുള്ളതെന്നും ഇത് അവകാശ ലംഘനമാണെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍ നല്‍കിയ കത്തില്‍ സൂചിപ്പിച്ചത്.