നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിമാൻഡ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കവർച്ച, കൊലപാതകക്കേസുകളിൽ പ്രതിയായ തിരുനെൽവേലി കളക്കാട് ചിദംബരപുരം സ്വദേശി സതീഷ് (29) ആണ് രക്ഷപെട്ടത്. കുളച്ചലിനു സമീപത്തുള്ള ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം കുളച്ചൽ സ്വദേശി ഗാവസ്കറുമൊത്ത് കവർച്ച നടത്തിയ സതീഷ്, തടയാനെത്തിയ ക്ഷേത്ര സുരക്ഷാ ജീവനക്കാരൻ ഗണേശനെ വെട്ടിക്കൊലപ്പെടുത്തി. ഒളിവിലായ പ്രതികൾ പോലീസ് അന്വേഷണം നടത്തുന്നതിനിടെ മാർത്താണ്ഡത്തുവെച്ച് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്തു.
തുടർന്ന് ഒളിവിൽപ്പോയ പ്രതികളെ കുളച്ചൽ പോലീസ് അറസ്റ്റുചെയ്തു. നാഗർകോവിൽ ജയിലിൽ തടവിൽ കഴിയവേയാണ് രണ്ടുദിവസംമുൻപ് ചികിത്സയ്ക്കായി നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് പോലീസുകാർ കാവൽ ഇരിക്കേയാണ് പ്രതി കടന്നത്.