കൊച്ചി: വൈറ്റിലയിൽ ഒഡിഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ ബലാത്സംഗം ചെയ്തെന്ന കേസിൽ അറസ്റ്റ് വൈകുന്നു. 22 വയസുള്ള യുവതിയെ വീട്ടുടമസ്ഥനായ എഴുപത്തിയഞ്ചുകാരൻ ശിവപ്രസാദ് ശീതളപാനീയത്തിൽ മദ്യം നൽകി ബലാത്സംഗം ചെയ്തെന്നാണ് പൊലീസ് കേസ്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉയർന്ന പദവിയിലിരുന്ന വ്യക്തിയുടെ അറസ്റ്റ് വൈകുന്നതിലാണ് ചോദ്യങ്ങൾ ഉയരുന്നത്. 22 വയസ്സുള്ള ആദിവാസി യുവതിയും ഒഡീഷയിലെ ഗജപതി ജില്ല സ്വദേശിമാണ് പരാതിക്കാരി. അമ്മ മരിച്ചതേടെ രണ്ടാനമ്മയുടെ നിർബന്ധത്തെ തുടർന്ന് 12 വയസ്സ് മുതൽ വീട്ടു ജോലി ചെയ്ത് വരികയാണ് ഇവർ.
കഴിഞ്ഞ ഒക്ടോബർ 4ന് കൊച്ചിയിലെത്തി. 15,000 രൂപ മാസ ശമ്പളത്തിൽ വൈറ്റിലയിലെ കെ ശിവപ്രസാദിന്റെ വീട്ടിൽ ജോലിക്ക് കയറി. ഇക്കഴിഞ്ഞ 15 ആം തിയതി ചൊവ്വാഴ്ച ആണ് സംഭവം. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ശീതളപാനീയത്തിൽ മദ്യം നൽകിയായിരുന്നു വീട്ടുടമസ്ഥന്റെ അതിക്രമം. ഇക്കാര്യം യുവതി തന്റെ ബന്ധുവിനെ അറിയിച്ചു. ഇവർ പെരുമ്പാവൂർ ആസ്ഥാനമായി ഇതരസംസ്ഥാനക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സിഎംഐഡി യുമായി ബന്ധപ്പെട്ടു. എൻജിഒ പൊലീസ് സഹായത്തിൽ യുവതിയെ വീട്ടിൽ നിന്നും പുറത്തെത്തിച്ചു. യുവതിയുടെ പരാതിയിൽ ശിവപ്രസാദിനെതിരെ കേസെടുത്ത പൊലീസ് മെഡിക്കൽ പരിശോധനയും രഹസ്യ മൊഴിയും രേഖപ്പെടുത്തി.